ഒന്നര ദിവസംകൊണ്ട് കിണറുകളില്‍ വന്‍ ജലപ്രവാഹം, 40 അടി വരെ ഉയര്‍ന്നു, അമ്പരന്ന് നാട്ടുകാര്‍

0
229

ചാത്തന്നൂർ: ശുദ്ധജലക്ഷാമം രൂക്ഷമായ പ്രദേശത്തെ കിണറുകളിൽ പൊടുന്നനെ ജലപ്രവാഹം. ഒന്നര ദിവസത്തിനുള്ളിൽ 40 തൊടി വരെ ജലം കുതിച്ചുയർന്നു. അത്ഭുത പ്രതിഭാസത്തിന്റെ കാരണം അറിയാതെ നാട്ടുകാർ. ചാത്തന്നൂർ താഴം കുരയിൽവിളയിലാണ് സംഭവം. 10 വീടുകളിലെ കിണറുകളിലാണ് ജലം ഉയർന്നത്.

ഞായർ ഉച്ചയോടെ ബാബുവിന്റെ വീട്ടിലെ കിണറ്റിൽ ജലനിരപ്പ് ഉയർന്നതായി ശ്രദ്ധയിൽപെടുകയായിരുന്നു വിവരം പറഞ്ഞതോടെ അയൽവാസിയായ മോഹൻദാസ് വീട്ടിലെ കിണർ പരിശോധിച്ചു. അതിലും സമാനമായ അവസ്ഥ കണ്ടു. പിന്നീട് മണിക്കൂറുകൾക്ക് ഉള്ളിൽ വലിയ തോതിൽ ജലം ഉയർന്നു. മോഹൻദാസിന്റെ വീട്ടിലെ കിണറിനു 45 തൊടി താഴ്ചയാണ് ഉള്ളത്. ഇതിൽ ഒരു തൊടിയോളം വെള്ളമാണ് ഉണ്ടായിരുന്നത്. 24 മണിക്കൂറിനുള്ളിൽ 40 തൊടി മുങ്ങി.

രത്നശീലൻ, സുനിൽകുമാർ, സുന്ദരൻ, ഓമനക്കുട്ടൻ, വിശ്വരാജൻ, വാമദേവൻപിള്ള തുടങ്ങിയവരുടെ വീട്ടുവളപ്പിലെ കിണറുകളിലും ജലം ഉയർന്നു. ജലത്തിനു നിറത്തിലും രുചിയിലും വ്യത്യാസമില്ല. തെളിഞ്ഞ നേർമ ഉള്ള ജലമാണ്. ഭൂഗർഭ ജലവകുപ്പ് അധികൃതർ എത്തി പരിശോധിച്ചു ആശങ്ക അകറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ചാത്തന്നൂർ പഞ്ചായത്തിൽ രൂക്ഷമായ ശുദ്ധജലക്ഷാമം നേരിടുന്ന പ്രദേശമാണിത്. വീട്ടിലേക്ക് പോലും ശുദ്ധജലം തികയാത്ത അവസ്ഥയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത ജലപ്രവാഹം. പഞ്ചായത്ത് പ്രസി‌ഡന്റ് നിർമല വർഗീസ്, വൈസ് പ്രസിഡന്റ് എ.ഷറഫുദ്ദീൻ, മുൻ പ്രസിഡന്റ് നിമ്മി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡി.ഗിരികുമാർ, പഞ്ചായത്ത് അംഗം സുനിത തുടങ്ങിയവർ സ്ഥലത്ത് എത്തി. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടു. ജലം ഉയർന്നത് കാണാൻ ഒട്ടേറെ പേർ എത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here