ഇടുക്കി: (www.mediavisionnews.in) പീരുമേട് എം.എൽ.എ ഇ.എസ് ബിജിമോൾ ഹോം ക്വാറന്‍റീനിൽ പ്രവേശിച്ചു. സ്വയം തീരുമാനമെടുത്താണ് അവർ വീട്ടിൽ നിരീക്ഷണത്തിലേക്ക് മാറിയതെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഏലപ്പാറയിൽ കൊവിഡ് പ്രതിരോധയോഗത്തിൽ പങ്കെടുത്ത ഇവർ രോഗം സ്ഥിരീകരിച്ച ഡോക്ടറുമായി സമ്പർക്കത്തിൽ വന്നെന്ന നിഗമനത്തിലാണ് ഹോം ക്വാറന്‍റീനിലേക്ക് മാറിയത്.
കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നയാളാണ് മിനിഞ്ഞാന്ന് ഏലപ്പാറയിൽ രോഗം സ്ഥിരീകരിച്ച ഡോക്ടർ. അവർ ജനപ്രതിനിധികൾ അടക്കം ഉണ്ടായിരുന്ന യോഗത്തിൽ പങ്കെടുത്തിരുന്നു. ഇവർക്ക് പ്രകടമായ രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. ഡോക്ടറുടെ അമ്മയ്ക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീട് പരിശോധിച്ചപ്പോൾ, ഡോക്ടർക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു. രോഗലക്ഷണങ്ങളില്ലാതിരുന്നതിനാൽ കൊവിഡ് പോസിറ്റീവ് ഫലം വന്ന ദിവസം വരെ ഇവർ ഡ്യൂട്ടിക്ക് എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ്, ഇവർ പങ്കെടുത്ത അവലോകനയോഗത്തിൽ പങ്കെടുത്ത എല്ലാവരും ഹോം ക്വാറന്‍റീനിൽ പോയത്. ഇതിന്‍റെ ഭാഗമായാണ് ഇ എസ് ബിജിമോൾ എംഎൽഎയും വീട്ടിൽ നിരീക്ഷണത്തിലേക്ക് മാറിയത്. ബിജിമോൾ എംഎൽഎയ്ക്ക് അടക്കം ആർക്കും നിലവിൽ കൊവിഡ് ലക്ഷണങ്ങളില്ല എന്ന് തന്നെയാണ് വിവരം.