ശ്വാസം പോലും കിട്ടില്ല, വൈറസിനെ കളിയായി കാണരുത്: കോവിഡ് ബാധിച്ച ഫുട്ബോളർ

0
295

ലണ്ടൻ (www.mediavisionnews.in): ‘ശ്വാസമെടുക്കാൻ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു ഞാൻ. എന്താണു സംഭവിക്കാൻ പോകുന്നതെന്ന് അറിയാതെ പകച്ചുനിൽക്കാനേ കഴിഞ്ഞുള്ളൂ. ദയവുചെയ്ത് കൊറോണ വൈറസ് ബാധയെ തമാശയായി കാണരുത്. ഇത് അതീവ ഗൗരവമുള്ള പ്രശ്നമാണ്’ – കോവിഡ് 19 ബാധിച്ച് കഠിനമായ ആശുപത്രി വാസത്തിനു ശേഷം സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തുന്ന ഐറിഷ് ഫുട്ബോൾ താരം ലീ ഡഫിയുടെ വാക്കുകളാണിത്. ലോകമാകെ കോവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ എല്ലാവരും അതീവഗൗരവത്തോടെ കേൾക്കേണ്ട വാക്കുകൾ. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായാൽ, ഒന്നും അത്ര ലഘുവല്ലെന്നാണ് ലീ ഡഫിയുടെ സാക്ഷ്യം.

ഐറിഷ് ലീഗിൽ വാറൻപോയിന്റ് ടൗൺ എഫ്‍സിയുടെ താരമായിരുന്നു ഇരുപത്തെട്ടുകാരനായ ഡഫി. അതിനു മുൻപ് നെവ്‌റി സിറ്റിക്കായും കളിച്ചിട്ടുണ്ട്. രണ്ടാഴ്ച മുൻപാണ് ഡഫിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആശുപത്രിയിൽ ഐസലേഷനിലായ ഡഫി, രണ്ടാഴ്ചയോളം അവിടെ ചെലവഴിച്ചു. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ട്വിറ്ററിലൂടെ അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

‘നിങ്ങളിൽ ചിലർക്ക് അറിയാവുന്നതുപോലെ രണ്ടാഴ്ച മുൻപാണ് എനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. ഓക്സിജൻ മാസ്കിന്റെ സഹായത്തോടെയാണ് അവിടെ എന്റെ ജീവൻ നിലനിർത്തിയത്. കാരണം എനിക്കു സ്വയം ശ്വസിക്കാൻ കഴിയുമായിരുന്നില്ല. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയാതെ പകച്ചുപോയ നിമിഷങ്ങൾ. ഭാഗ്യവശാൽ, ബുദ്ധിമുട്ടേറിയ ഈ ഘട്ടം അതിജീവിക്കാനായി. ഇപ്പോൾ കുറച്ചൊക്കെ ഭേദമുണ്ട്. എല്ലാവരോടും ഒറ്റക്കാര്യമേ പറയാനുള്ളൂ. ഇതിനെ (കൊറോണ വൈറസ് വ്യാപനത്തെ) തീരെ ലഘുവായി കാണരുത്. ഇത് അതിഗൗരവമുള്ള വിഷയമാണ്’ – ഡഫി ട്വിറ്ററിൽ കുറിച്ചു.

ഡഫിയുടെ മുന്നറിയിപ്പ് ഗൗരവമായെടുക്കണമെന്ന അഭ്യർഥനയുമായി അദ്ദേഹത്തിന്റെ മുൻ ക്ലബ് വാറൻപോയിന്റ് ടൗൺ എഫ്‍സി ഫെയ്സ്ബുക്കിൽ പ്രത്യേകം പ്രസ്താവനയിറക്കി.

‘നമ്മുടെ മുൻതാരം ലീ ഡഫി കോവിഡ് 19നെക്കുറിച്ച് ചില കാര്യങ്ങൾ തുറന്നുപറഞ്ഞിട്ടുണ്ട്. ഭാഗ്യവശാൽ അദ്ദേഹം സുഖമായിവരുന്നു. 28 വയസ്സ് പ്രായമുള്ള പൂർണ ആരോഗ്യവാനായ ചെറുപ്പക്കാരനാണ് ലീ. ഈ വൈറസിനെ ദയവുചെയ്ത് ഗൗരവത്തോടെ കാണുക. ഇത് എല്ലാ പ്രായക്കാരെയും ബാധിക്കും. ലീയുടെ പൂർണസൗഖ്യത്തിനായി നമുക്കു പ്രാർഥിക്കാം’ – ക്ലബ് കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here