കൊല്‍ക്കത്ത: (www.mediavisionnews.in) വോട്ടര്‍ ഐഡി കാര്‍ഡിലെ തെറ്റ് തിരുത്താന്‍ അപേക്ഷിച്ച ബംഗാള്‍ സ്വദേശി സുനില്‍ കുമാര്‍ കാര്‍ഡ് കണ്ടപ്പോള്‍ ഒന്ന് ഞെട്ടി. സംഭവം എന്താന്ന് അല്ലേ. സ്വന്തം ഫോട്ടോയ്ക്ക് പകരം കാര്‍ഡില്‍ കണ്ടത് പട്ടിയുടെ ചിത്രം. ഐ.ഡി കാര്‍ഡിലെ തെറ്റ് തിരുത്താനായാണ് മുര്‍ഷിദാബാദ് രാംനഗര്‍ സ്വദേശിയായ സുനില്‍കുമാര്‍ അപേക്ഷിച്ചത്. എന്നാല്‍ കാര്‍ഡ് കിട്ടിയപ്പോള്‍ തന്റെ ഫോട്ടോയ്ക്ക് പകരം അച്ചടിച്ച് വന്നത് നായയുടെ ചിത്രമായിരുന്നു.
‘ആദ്യം ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡില്‍ ചില തെറ്റുകളുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് വീണ്ടും അപേക്ഷ നല്‍കിയത്. പുതിയ കാര്‍ഡില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളൊക്കെ ശരിയാണ്. പക്ഷെ ഫോട്ടോ മാറിപ്പോയി’- 64 കാരനായ സുനില്‍ കര്‍മാക്കര്‍ പറയുന്നു.
മറ്റുള്ളവര്‍ ഇത് കണ്ട് തന്നെ കളിയാക്കുവാണെന്നും തന്റെ അഭിമാനം വെച്ചുള്ള കളിയാണിതെന്നും അതിനാല്‍ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസില്‍ പരാതി നല്‍കുമെന്ന് സുനില്‍കുമാര്‍ വ്യക്തമാക്കി. അതേസമയം തിരിച്ചറിയല്‍ കാര്‍ഡില്‍ ഗുരുതരമായ തെറ്റ് കടന്നുകൂടിയത് എങ്ങനെയെന്ന് അറിയില്ലെന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പറയുന്നത്. ഇപ്പോള്‍ നല്‍കിയത് അന്തിമവോട്ടര്‍ ഐ.ഡി അല്ലെന്നും ഇവര്‍ പറയുന്നു. സുനില്‍ കര്‍മാര്‍ക്കറിന് പുതിയ കാര്‍ഡ് അനുവദിക്കുമെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ രാജര്‍ഷി ചക്രബര്‍ത്തി അറിയിച്ചു.