കാസർകോട്: ജില്ലയിലെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരുടെ പട്ടിക പുറത്തായതിന് പിന്നാലെ സ്ത്രീകളായ രോഗികളുടെ ഫോണുകളിലേക്ക് സന്ദേശങ്ങളും കോളുകളും വരുന്നതായി ആക്ഷേപം. രോഗം സ്ഥിരീകരിച്ച 34 പേരുടെ പട്ടിക എഡിറ്റ് ചെയ്താണ് പുറത്ത് വിട്ടിരിക്കുന്നത്. ഇതിനെതിരെ വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സംഭവത്തിന്റെ ഗൗരവം മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും എൻ.എ നെല്ലിക്കുന്ന് എം.എൽ.എ പറഞ്ഞു. വെള്ളിയാഴ്ച്ച രാത്രിയാണ് ആരോഗ്യവകുപ്പ് ലിസ്റ്റ് പൊലീസിന് കൈമാറിയത്. പൊലീസിന് കൈമാറിയ ലിസ്റ്റ് എഡിറ്റ് ചെയ്താണ് പുറത്ത് വിട്ടത്.
ചിലരുടെ പേരുകൾ ഒഴിവാക്കി കൊണ്ടാണ് ലിസ്റ്റ് പുറത്തുവിട്ടത്. ഇതിൽ ആളുകളുടെ പേരും വയസ്സും ഫോൺ നമ്പറുമടക്കം ഉണ്ടായിരുന്നു. ഇത് വരെ രോഗം സ്ഥിരീകരിച്ച ഒരാളുടെ പേര് പോലും പുറത്ത് വിട്ടുരുന്നില്ല. ഇതിൽ നിന്ന് കിട്ടിയ നമ്പർ ഉപയോഗിച്ച് സ്ത്രീകളെ ശല്യം ചെയ്യാൻ കൂടി തുടങ്ങിയതോടെ ആരോഗ്യ വകുപ്പും പൊലീസും ശക്തമായ നടപടിയിലേക്ക് പോകുമെന്നാണ് കരുതുന്നത്. സംഭവം അറിഞ്ഞ ഉടനെ ഡി. എം.ഒ, ജില്ല പൊലീസ് മേധാവി പി.എസ് സാബുവിന് പരാതി നൽകിയിരുന്നു. പേരുകൾ പുറത്തുപോയ നടപടി ശരിയല്ലെന്നും അന്വേഷിക്കുമെന്നും എസ്.പി പറഞ്ഞു.