കൊച്ചി: (www.mediavisionnews.in) ഇന്ത്യയില്‍ കൊറോണ ഭീതി വര്‍ദ്ധിക്കുന്നു. കഴിഞ്ഞ ദിവസം മൂന്നു പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതിനിടെ കൊറോണ ഭീതിയെ തുടര്‍ന്ന് കുവൈറ്റിലും യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത് അവിടെ ജോലിക്ക് പോകാനിരുന്ന മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പ്രവാസികളുടെ യാത്രമുടക്കിയിരിക്കുകയാണ്. അവധിക്കു വന്നവര്‍, വിസ കാലാവധിക്കുള്ളില്‍ തിരിച്ചുചെല്ലാനായില്ലെങ്കില്‍ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്.
വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് കുവൈറ്റിലേക്കുള്ള വിമാന സര്‍വീസുകള്‍ ഒരാഴ്ചത്തേക്ക് നിറുത്തിവച്ചുകഴിഞ്ഞു. എയര്‍ഇന്ത്യ എക്സ്‌പ്രസ്, ഇത്തിഹാദ് വിമാനങ്ങളില്‍ കുവൈറ്റിലേക്ക് പോകാന്‍ ഇന്നലെ കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ ഇരുനൂറോളം പേരെ തിരിച്ചയച്ചു. കരിപ്പൂരിൽ നിന്നും എയര്‍ ഇന്ത്യ എക്‌സ്‌പ്രസില്‍ 171 പേര്‍ പോകേണ്ടതായിരുന്നു. ഈ സര്‍വീസും റദ്ദാക്കിയിരിക്കുകയാണ്. ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് കുവൈറ്റ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. ഈ രാജ്യങ്ങളിലേക്കുള്ള കുവൈറ്റ് എയര്‍വേയ്സിന്റെ സര്‍വീസും ഈ രാജ്യങ്ങളില്‍ നിന്നുള്ള സര്‍വീസുകളും ഒരാഴ്ചത്തേക്കു നിറുത്തിവച്ചു.
രണ്ട് ലഡാക്ക് സ്വദേശികള്‍ക്കും തമിഴ്നാട്ടില്‍ ഒരാള്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം 34 ആയി. ലഡാക്ക് സ്വദേശികള്‍ ഇറാനില്‍ നിന്ന് മടങ്ങിയെത്തി, ജമ്മുകാശ്‌മീര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. തമിഴ്നാട്ടില്‍ രോഗം സ്ഥിരീകരിച്ചയാള്‍ ഒമാനില്‍ പോയിരുന്നു.
ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വന്‍ ഭീതിയാണ് വിതയ്ക്കുന്നത്. സൗദിയിലും നിയന്ത്രണംകൊറോണ കാരണം സൗദിയിലും പ്രവേശിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കൊറോണ ബാധിച്ചിട്ടില്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാലേ രാജ്യത്ത് പ്രവേശനം അനുവദിക്കൂ.യു. എ. ഇയില്‍ ഇന്ത്യക്കാരന് കൊറോണയു. എ. ഇയില്‍ പുതുതായി കോറോണ സ്ഥിരീകരിച്ച 15 പേരില്‍ ഒരു ഇന്ത്യക്കാരനും ഉള്‍പ്പെടുന്നുവെന്ന് സൗദി ആരോഗ്യ വകുപ്പ് അറിയിച്ചു.
കൊച്ചി, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള കുവൈറ്റ് സര്‍വീസുകളെല്ലാം റദ്ദാക്കി. കൊച്ചിയില്‍ നിന്നുള്ള കുവൈറ്റ് എയര്‍വേയ്‌സ്, ഇന്‍ഡിഗോ, ജസീറ സര്‍വീസുകള്‍ നിലയ്‌ക്കും. ഇന്നലെ പുലര്‍ച്ചെ കുവൈറ്റിലേക്ക് പറക്കാന്‍ വിമാനം തയ്യാറെടുക്കുമ്പോ ഴാണ് സര്‍വീസ് റദ്ദാക്കിയെന്ന സന്ദേശമെത്തിയത്. ഇതോടെ മൂന്നിടത്തുമായി മുന്നൂറോളം യാത്രക്കാര്‍ പ്രതിസന്ധിയിലായി. കൂടുതല്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയേക്കുമെന്ന ഭയത്തില്‍ ലീവിന് നാട്ടിലെത്തുന്നത് നീട്ടിയിരിക്കുകയാണ് പ്രവാസികള്‍.