രാഷ്ട്രീയക്കാർ കേൾക്കുമോ എന്നറിയില്ല; പൗരത്വ പ്രക്ഷോഭത്തിന് സംഘടനാ വ്യത്യാസമില്ലാതെ എല്ലാവരും ഒരുമിക്കണം – കാന്തപുരം

0
187

ആലപ്പുഴ: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് എല്ലാവരും ഒന്നിച്ചു നിൽക്കണമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. സംഘടനാപരമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും പൊതുവായ ആവശ്യങ്ങൾക്കു വേണ്ടി എല്ലാവരും ഒത്തൊരുമയോടെ നിൽക്കണമെന്നും രാഷ്ട്രീയക്കാരോടാണ് ഇക്കാര്യം പ്രത്യേകമായി പറയാനുള്ളതെന്നും കാന്തപുരം പറഞ്ഞു. ഭരണഘടനാ സംരക്ഷണ ഫോറം ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന മാർച്ചിൽ സംസാരിക്കുകായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യ സമരത്തിൽ മുസ്ലിംകളുടെ ഭാഗധേയം നിർണായകമാണെന്നും അന്തമാനിലേക്ക് നാടുകടത്തപ്പെട്ടവരിൽ സിംഹഭാഗവും മുസ്ലിംകളാണെന്നും കാന്തപുരം പറഞ്ഞു. ‘മറ്റെല്ലാ ആളുകൾക്കും ഉള്ളതുപോലെ മുസ്ലിംകൾക്കും ഇന്ത്യയിൽ അവകാശമുണ്ട്. എഴുന്നൂറ് കൊല്ലം ഇന്ത്യ ഭരിച്ചത് മുസ്ലിംകളായിരുന്നു. അവർ വിചാരിച്ചിരുന്നെങ്കിൽ മറ്റു മതസ്ഥരെ ഇല്ലാതാക്കാമായിരുന്നു. പക്ഷേ, അവർ അങ്ങനെ ചിന്തിച്ചില്ല. മറിച്ച്, അവർ ഇതര മതസ്ഥർക്ക് സ്ഥാനമാനങ്ങൾ നൽകുകയാണുണ്ടായത്.’ – കാന്തപുരം പറഞ്ഞു.

പൗരത്വ നിയമം ഉണ്ടാക്കുന്ന ഭരണാധികാരികൾ അധികാരത്തിലെത്തിയത് ജനങ്ങൾ വോട്ട് ചെയ്തിട്ടാണ്. എന്നാൽ, വോട്ട് ചെയ്യാൻ ഉപയോഗിച്ച ഐഡന്റിറ്റി കാർഡ് പൗരത്വ രേഖയല്ലെന്നാണ് പറയുന്നത്. പാസ്‌പോർട്ടും ആധാറുമൊന്നും പൗരത്വം തെളിയിക്കാൻ മതിയാവില്ലെന്ന് പറയുന്നു. എല്ലാ രേഖകളും കയ്യിലുള്ള ഒരാൾക്ക് ഉപ്പാന്റെ ഉപ്പാന്റെ പേര് അറിയില്ല എന്ന പേരിൽ പൗരത്വം നഷ്ടപ്പെടുന്ന സ്ഥിതി ആശ്ചര്യജനകമാണെന്നും കാന്തപുരം പറഞ്ഞു.

സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, ഓൾ ഇന്ത്യാ ഇസ്ലാഹി മൂവ്‌മെന്റ് ജനറൽ സെക്രട്ടറി ഡോ. ഹുസൈൻ മടവൂർ, ജമാഅത്തെ ഇസ്ലാമി ശൂറാ അംഗം പി പി അബ്ദുൽ റഹ്മാൻ പെരിങ്ങാടി, ജമാഅത്തെ ഇസ്ലാമി ആലപ്പുഴ ജില്ലാ പ്രസിഡണ്ട് ഹക്കീം പാണാവള്ളി, പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന പ്രസിഡണ്ട് കരമന അശ്‌റഫ് മൗലവി തുടങ്ങിയവർ സംബന്ധിച്ചു. ആലപ്പുഴ നഗരത്തിൽ നടന്ന ബഹുജന റാലി എ.എം ആരിഫ് എം.പി ഫ്‌ളാഗ് ഓഫ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here