യൂസഫലിയ്ക്ക് സൗദിയുടെ പ്രീമിയം റസിഡൻസി കാർഡ്; ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരൻ–വിഡിയോ

0
204

റിയാദ്: (www.mediavisionnews.in) സൗദി അറേബ്യയിൽ സ്ഥിര താമസത്തിനുള്ള പ്രീമിയം റസിഡൻസി കാർഡ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യാക്കാരനായി പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലി. സൗദി പ്രീമിയം റസിഡൻസി സെന്റർ ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തു. സൗദി അറേബ്യയിൽ കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായാണ് വിദേശികൾക്ക് സ്ഥിരതാമസത്തിനുള്ള അനുമതി സൗദി ഭരണകൂടം നൽകുന്നത്.

പ്രീമിയം റസിഡൻസി പദ്ധതി അനുസരിച്ച് സ്ഥിരതാമസാനുമതി ലഭിക്കുന്ന സൗദി പൗരന്മാരല്ലാത്ത വ്യക്തികൾക്ക് രാജ്യത്ത് സ്പോൺസർ ഇല്ലാതെ തന്നെ വ്യവസായം ചെയ്യാനും പുണ്യനഗരങ്ങളായ മക്കയിലും മദീനയിലുമടക്കം വസ്തുവകകൾ വാങ്ങിക്കുവാനും സാധിക്കും. വൻകിട നിക്ഷേപർക്കും വിവിധ മേഖലകളിലെ മികച്ച പ്രതിഭകൾക്കും നൽകുന്ന ആജീവനാന്ത താമസരേഖയാണ് പ്രീമിയം റസിഡൻസി കാർഡ്. രാജ്യത്തേക്ക് ആഗോള നിക്ഷേപകരെ കൂടുതലായി ആകർഷിക്കുന്നതിനായി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനാണ് ഈ പദ്ധതിക്ക് രൂപം കൊടുത്തത്.

സൗദി അറേബ്യയുടെ ആദ്യത്തെ പ്രീമിയം റസിഡൻസി കാർഡിന് അർഹനായതിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് എം.എ.യൂസഫലി പറഞ്ഞു. ദീർഘദർശികളായ സൽമാൻ രാജാവിനും, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും, സൗദി സർക്കാരിനും ഇതിന് നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിൽ വൻ തോതിലുള്ള മാറ്റങ്ങളാണ് സൗദി അറേബ്യയിൽ നടന്നു കൊണ്ടിരിക്കുന്നത്. ആഗോള നിക്ഷേപകര നിക്ഷേപകർ വരുന്നതോടെ രാജ്യത്തെ സാമ്പത്തിക രംഗം കൂടുതൽ അഭിവൃദ്ധിപ്പെടും. തനിക്ക് കിട്ടിയ ആദ്യത്തെ പ്രീമിയം റസിഡൻസി പ്രവാസികൾക്കുള്ള ബഹുമതിയായാണ് കാണുന്നതെന്നും യൂസഫലി കൂട്ടിച്ചേർത്തു.

നേരത്തെ യുഎഇയുടെ ആദ്യത്തെ സ്ഥിരതാമസാനുമതിയും യൂസഫലിക്കാണ് ലഭിച്ചത്. 3000ൽപ്പരം സ്വദേശികൾ ജോലി ചെയ്യുന്ന ലുലുവിന് നിലവിൽ സൗദിയിലെ വിവിധ ഭാഗങ്ങളിലായി 17 ഹൈപ്പർമാർക്കറ്റുകളാണുള്ളത്. ഇത് കൂടാതെ എണ്ണ കമ്പനിയായ അരാംകോയുടെ 12 കൊമ്മിസറികളുടെയും ദേശീയ സുരക്ഷാ വിഭാഗമായ നാഷണൽ ഗാർഡിന്റെ എട്ടു മിനിമാർക്കറ്റുകളുടെളുടെയും നടത്തിപ്പ് ചുമതലയും ലുലുവിനാണ്. പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി 2022 ആകുമ്പോഴേക്കും 30 പുതിയ ഹൈപ്പർമാർക്കറ്റുകൾ കൂടി ലുലു സൗദിയിൽ ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here