ന്യൂദല്‍ഹി: (www.mediavisionnews.in) മധ്യപ്രദേശില്‍ എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി.
കുതിരക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാലാണ് ഉടന്‍ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നതെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തി ഇത്തരം കാര്യങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് കോടതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ വിപ്പ് നല്‍കാത്ത പക്ഷം 16 എം.എല്‍.എമാരും വിശ്വാസ വോട്ടെടുപ്പില്‍ ഹാജരാവില്ലെന്ന് വിമത എം.എല്‍.എമാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ മനീന്ദര്‍ സിങ് കോടതിയെ അറിയിച്ചു.
നിങ്ങള്‍ക്ക് 22 രാജി ലഭിച്ചുകഴിഞ്ഞു. അതില്‍ ആറ് പേരുടെ രാജി ഒരേ ബാച്ചില്‍ പെട്ടതായിരുന്നു. ഇതില്‍ എന്ത് അന്വേഷണമാണ് സ്പീക്കര്‍ നടത്തയിത്? രാജിക്കത്തില്‍ രേഖപ്പെടുത്തിയ ദിവസം ഏതായിരുന്നു നിങ്ങള്‍ എപ്പോഴാണ് യഥാര്‍ത്ഥത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചത് എന്നായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചത്.
എന്നാല്‍ ആറ് പേരുടെ രാജി അംഗീകരിച്ച് കൊണ്ട് മാത്രം വിശ്വാസ വോട്ടെടുപ്പ് നടത്താനാവില്ലെന്നും അത്തരത്തിലൊരു കീഴ്‌വഴക്കമില്ലെന്നും കോണ്‍ഗ്രസിന് വേണ്ടി ഹാജരായ അഭിഷേക് മനു സിങ്‌വി കോടതിയില്‍ അറിയിച്ചു.
രാജി സംബന്ധിച്ച് സ്പീക്കര്‍ തീരുമാനം എടുത്തില്ലെന്നും എന്തുചെയ്യാന്‍ സാധിക്കുമെന്ന കാര്യവും വാദത്തിനിടെ ജസ്റ്റിസ് ചന്ദ്രചൂഡ് ആരാഞ്ഞു. എന്നാല്‍ തീരുമാനമെടുക്കാന്‍ തനിക്ക് സമയം വേണമെന്നാണ് സ്പീക്കര്‍ കോടതിയെ അറിയിച്ചത്.
ചില സാഹചര്യത്തില്‍ സ്പീക്കര്‍ക്ക് വിവേചനാധികാരം പ്രയോഗിച്ചേക്കാം. തീരുമാനമെടുക്കാന്‍ രണ്ടാഴ്ചത്തെ സമയം വേണമെന്നും വിമത എം.എല്‍.എമാര്‍ മധ്യപ്രദേശിലേക്ക് മടങ്ങിയെത്തട്ടെയെന്നും അദ്ദേഹം അറിയിച്ചു.
എന്നാല്‍ വിമത എം.എല്‍.എമാര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സ്പീക്കര്‍ക്ക് മുന്നില്‍ ഹാജരാവാമെന്നാണ് എം.എല്‍.എമാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ മനീന്ദര്‍ സിങ് കോടതിയെ അറിയിച്ചത്.