മംഗളൂരു: (www.mediavisionnews.in) കൊറോണരോഗവ്യാപനം തടയാൻ പുറത്തിറങ്ങരുതെന്ന് കർശനനിർദേശം നൽകിയിട്ടും നിരത്തിലിറങ്ങിയവർക്ക് മനസ്സിൽ തട്ടുന്ന ശിക്ഷയുമായി മംഗളൂരു പോലീസ്. താൻ കുറ്റവാളിയാണെന്ന് സ്വയം പ്രഖ്യാപിക്കുന്ന പ്ലക്കാർഡേന്തി റോഡിൽ പൊരിവെയിലത്ത് ഒരുമണിക്കൂർ നിന്നാലെങ്ങനെയിരിക്കും.
അത്തരമൊരു വ്യത്യസ്ത ശിക്ഷ നടപ്പാക്കുകയാണ് മംഗളൂരു പോലീസ്. എത്രദിവസം ആളുകളെ അടിച്ച് ഓടിക്കും. ആദ്യ രണ്ടുദിവസം നല്ലചുട്ട അടിയായിരുന്നു. പിന്നീട് ശിക്ഷ ആരോഗ്യകാര്യങ്ങളിലേക്ക് മാറ്റി. അനാവശ്യമായി വാഹനങ്ങളിൽ പുറത്തിറങ്ങുന്ന പുരുഷൻമാർക്ക് നടുറോഡിൽവെച്ച് 25 പുഷ്‌അപ്പ് പിഴ. 25 തികയ്ക്കാത്തവർക്ക് ബാക്കി അത്രയും കൈവെള്ളയിൽ ചൂരലടി…
ഈ ദൃശ്യങ്ങളെല്ലാം മൊബൈൽഫോണിൽ പകർത്തി സാമൂഹിക മാധ്യമങ്ങൾ വഴി പോലീസ് തന്നെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട് അനാവശ്യമായി റോഡിലിറങ്ങല്ലേ എന്ന്. എന്നിട്ടും ഇറങ്ങിയവരുടെ ആത്മാഭിമാനത്തിൽ തൊട്ടുകളിക്കാൻ തന്നെ തീരുമാനിക്കുകയായിരുന്നു മംഗളൂരു പോലീസ്.
വെള്ളിയാഴ്ച അകാരണമായി റോഡിലിറങ്ങിയവർക്കെല്ലാം -ഞാൻ കുറ്റവാളിയാണ്, അടച്ചുപൂട്ടൽ നിയമം ഞാൻ ലംഘിച്ചു- എന്ന പ്ലക്കാർഡ് നൽകിയാണ് പോലീസ് ശിക്ഷിച്ചത്. പ്ലക്കാർഡേന്തി ഒരുമണിക്കൂറോളം റോഡിൽ നിൽക്കണം. രാമകൃഷ്ണമിഷൻ വൊളന്റിയർമാരുടെ സഹായത്തോടെയാണ് പോലീസ് ഈ വ്യത്യസ്ത ശിക്ഷ നടപ്പാക്കിയത്. ഇത്തരത്തിൽ അമ്പതോളം പേരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പോലീസ് ശിക്ഷിച്ചു.