ഉപ്പള: (www.mediavisionnews.in) ഉപ്പള റെയിൽവെ സ്റ്റേഷനിൽ റിസർവേഷൻ സൗകര്യം ഏർപ്പെടുത്തിയ പാലക്കാട് റെയിൽവെ ഡിവിഷൻ ഡി.ആര്.എം പ്രതാപ് സിംഗ് ഷമിയെ നേരിട്ട് കണ്ട് നന്ദി അറിയിച്ച് സേവ് ഉപ്പള റെയിൽവെ സ്റ്റേഷൻ കമ്മിറ്റി ഭാരവാഹികൾ.
മംഗളൂരുവിൽ ഹൃസ്വ സന്ദർശനത്തിനെത്തിയ ഡി.ആർ.എമ്മിനെ സേവ് ഉപ്പള റെയിൽവെ സ്റ്റേഷൻ കമ്മിറ്റി കൺവീനർ അസീം മണിമുണ്ട, മംഗൽപാടി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.എം മുസ്തഫ, സേവ് ഉപ്പള റെയിൽവെ സ്റ്റേഷൻ കമ്മിറ്റി ജോയിന്റ് കൺവീനർ മുഹമ്മദ് നാഫി എന്നിവർ ചേർന്ന് ഷാൾ അണിയിക്കുകയും മൊമെന്റോ നൽകുകയും ചെയ്തു.
ഉപ്പളയിലെ ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യമാണ് പാലക്കാട് ഡിവിഷൻ യാഥാർഥ്യമാക്കിത്തന്നതെന്ന് ഭാരവാഹികൾ ഡി.ആർ.എമ്മിനോടുള്ള നന്ദി വാക്കുകളിൽ അറിയിച്ചു. ചടങ്ങിൽ മംഗളൂരു സെൻട്രൽ സ്റ്റേഷൻ മാനേജർ രാമകുമാർ, ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ (കൊമേഴ്സ്യൽ) കിഷൻ കുമാർ, ചീഫ് കൊമേഴ്സ്യൽ ഇൻസ്പെക്ടർ പി സുരേശൻ തുടങ്ങിയവർ പങ്കെടുത്തു.