കോഴിക്കോട്: (www.mediavisionnews.in) കോവിഡ് വ്യാപനം തടയുന്നതിനായി വെള്ളിയാഴ്ച ജുമുഅയും ജമാഅത്തും നിര്‍ത്തിവെച്ച് മാതൃകയായി മഹല്ല് കമ്മിറ്റി. കോഴിക്കോട് ചേന്ദമംഗലൂര്‍ ഒതയമംഗലം മഹല്ല് കമ്മിറ്റിയുടെതാണ് തീരുമാനം. പള്ളികളില്‍ പ്രാര്‍ത്ഥനാ സമയം കുറച്ചും മറ്റ് നിയന്ത്രണങ്ങള്‍ വെച്ചും നേരത്തെ മുന്‍കരുതലെടുത്തിരുന്നു. എന്നാല്‍ ജുമുഅയും ജമാഅത്തും നിര്‍ത്തിവെക്കുന്നത് ഇതാദ്യമാണ്.
പള്ളികളില്‍ പതിവ് പോലെ ബാങ്ക് വിളിയും നിസ്‌കാരവും നടക്കും എന്നാല്‍ അതില്‍ പങ്കെടുക്കാന്‍ ആരും വരേണ്ടെന്നാണ് അറിയിപ്പെന്ന് മഹല്ല് കമ്മിറ്റി പ്രസിഡണ്ട് എസ്.ബി സുബൈര്‍ പറഞ്ഞു. ആവശ്യമെങ്കില്‍ പള്ളി പൂര്‍ണ്ണമായും അടച്ചിടാനും തീരുമാനിച്ചു. ഇന്നലെ ചേര്‍ന്ന മഹല്ല് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
‘മനുഷ്യ ജീവന്‍ സംരക്ഷിക്കുന്നതിന് ഇസ്ലാം നല്‍കുന്ന പ്രാധാന്യവും ഗൗരവും ഏറെ വലുതാണ്. ഓരോ ജീവനും സംരക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുക എന്നത് ഒരു മുസ്ലിമിന്റെ അടിസ്ഥാന ബാധ്യതയാണ്. നമസ്‌കാരവും പള്ളിയുമെല്ലാം മനുഷ്യരെന്ന സാമൂഹിക സംവിധാനം കൂടുതല്‍ ഫലപ്രദമാക്കാനും അല്ലാഹുവുമായുള്ള ബന്ധത്തെ ശക്തിപ്പെടുത്താനുമാണ്.
ഇന്ന് ലോകത്തുടനീളം കോവിഡ്-19 കാരണം ആയിരക്കണക്കിന് ജീവന്‍ ഭീഷണിയിലാണ്. ഇതിനെതിരില്‍ ലോകം ഒറ്റക്കെട്ടായി പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്ന ഘട്ടത്തില്‍ നമ്മുടെ നാടും വ്യത്യസ്തമല്ല. ഈ സാഹചര്യത്തില്‍ ആരോഗ്യ വിദഗ്ദരുടേയും സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ പരമാവധി പാലിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തേണ്ടതുണ്ട്. കൂട്ടം ചേരലും സംഘടിതമായ പ്രവര്‍ത്തനങ്ങളും കര്‍ശനമായി ഒഴിവാക്കലാണ് ഈ മാര്‍ഗ നിര്‍ദേശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. അതിനാല്‍ സംഘടിത നമസ്‌കാരങ്ങളും പള്ളി കേന്ദ്രീകരിച്ചുള്ള കൂട്ടം ചേരലും ഒഴിവാക്കേണ്ടതുണ്ട്. ഖുര്‍ആന്റെ തത്വങ്ങളോടും പ്രവാചക മാതൃകയോടും നീതി പുലര്‍ത്തുന്ന ജാഗ്രതയുടെയും സാമൂഹിക ബോധത്തിന്റെയും ഭാഗമാണ് ഈ അടിയന്തര നടപടികളെല്ലാം’- പള്ളി കമ്മിറ്റി പ്രസിഡണ്ട് സുബൈര്‍ പറഞ്ഞു.
കൊറോണ മുന്‍കരുതലിനായി മഹല്ല് കമ്മറ്റി എടുത്ത തീരുമാനങ്ങള്‍ ഇവയാണ്,
1. കൊറോണ വൈറസ് അനിയന്ത്രിതമായി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ചേന്ദമംഗല്ലൂര്‍ ഒതയമംഗലം ജുമുഅത്ത് പള്ളിയിയില്‍ സംഘടിത നമസ്‌കാരങ്ങളും വെള്ളിയാഴ്ച്ച ദിവസങ്ങളിലെ ജുമുഅ നമസ്‌കാരവും താലക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നു.
2. പള്ളിയില്‍ ബാങ്ക് വിളിയും നമസ്‌കാരവും നടക്കും. ബാങ്ക് വിളിച്ച ഉടനെ പള്ളി ജീവനക്കാര്‍ മാത്രം നമസ്‌കാരം നിര്‍വഹിക്കുന്നതാണ്.
3) സാഹചര്യം ഇനിയും മോശമാവുകയാണെങ്കില്‍ പള്ളി പൂര്‍ണമായും അടച്ചിടുന്നതാണ്.
സാഹചര്യം അനുകൂലമാണെങ്കില്‍ മാത്രം ജുമുഅ 15 മിനിറ്റ് കൊണ്ട് അവസാനിക്കുന്ന വിധം നടത്തുന്നതായിരിക്കും. അതിലും ആളുകള്‍ പരമാവധി പങ്കെടുക്കാതിരിക്കാനാണ് ശ്രമിക്കേണ്ടത്.
4. വിദേശങ്ങളില്‍ നിന്ന് വരുന്നവരും രോഗം സംശയിക്കുന്നവരും വീട്ടുകാരുമായുള്ള സമ്പര്‍ക്കം വരെ ഒഴിവാക്കി ക്വാറന്റൈന്‍ പാലിക്കുകയും സര്‍ക്കാര്‍ സംവിധാനത്തില്‍ വിവരമറിയിക്കുകയും ചെയ്യേണ്ടതാണ്.
5. പൊതുസ്ഥലങ്ങളില്‍ കൂടി നില്‍ക്കുന്നത് ഒഴിവാക്കേണ്ടതും പരമാവധി വീടുകളില്‍ തന്നെ ഇരിക്കാന്‍ ശ്രമിക്കേണ്ടതുമാണ്.
6. സര്‍ക്കാര്‍ വകുപ്പുകള്‍ അറിയിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കുക.
7. സര്‍ക്കാര്‍, ആരോഗ്യ കേന്ദ്രങ്ങളുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ആവശ്യമാവുന്ന പക്ഷം ഏത് രീതിയിലുള്ള സംവിധാനമൊരുക്കാനും പള്ളിയും മറ്റ് മഹല്ല് സംവിധാനങ്ങളും തയ്യാറാണെന്ന് കൂടി ഇതിനാല്‍ അറിയിക്കുന്നു.