ചികിത്സ ലഭിക്കാതെ രോഗികൾ മരിക്കുന്ന സഹചര്യത്തിൽ സർക്കാർ ആശുപത്രികളിൽ മെച്ചപ്പെട്ട ചികിത്സാസംവിധാനമൊരുക്കണം – മുസ്ലിം ലീഗ്

0
179

കുമ്പള: (www.mediavisionnews.in) കാസർകോട് ജില്ലയിൽ ചികിത്സ ലഭിക്കാത്ത രോഗികളുടെ മരണസംഖ്യ കൂടിക്കൊണ്ടിരിക്കുന്ന സഹചര്യത്തിൽ എല്ലാ സർക്കാർ ആശുപത്രികളിലും കിടത്തി ചികിത്സയടക്കം അടിയന്തിരമായും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഒരുക്കണമെന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ടി.എ മൂസ, ജനറൽ സെക്രട്ടറി എം. അബ്ബാസ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ചെറിയൊരു പനി വന്നാൽ പോലും മഞ്ചശ്വരം മണ്ഡലത്തിലെയും കാസർകോട്ടെയും ആളുകൾ ആശ്രയിക്കുന്നത് മംഗളൂരുവിലെ ആശുപത്രികളെയാണ്. ക്യാൻസർ രോഗികളും ഡയാലിസിസ് ചെയ്യുന്നവരും, വൃക്കരോഗികളടക്കം, മറ്റിതര ചികിത്സകൾക്കായി ദിവസേന നൂറ് കണക്കിന് രോഗികളാണ് മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നു മാത്രം മംഗളൂരുവിലെ വിവിധ ആശുപത്രികളെ ആശ്രയിക്കുന്നത്.

മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പള, മംഗൽപ്പാടി, മഞ്ചേശ്വരം എന്നി പ്രധാന സി.എച്ച്.സികളിലും മറ്റിതര സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും മെച്ചപ്പെട്ട രീതിയിൽ ഇത്തരം ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയാൽ ഇവിടത്തെ രോഗികൾക്ക് വളരെയധികം ആശ്വാസകരമാകും. മഞ്ചേശ്വരത്തെ ഒട്ടുമിക്ക സി.എച്ച്.സികൾക്കും ഏറെ സൗകര്യപ്രദമായ കെട്ടിട സൗകര്യങ്ങളുണ്ട്. കുമ്പള, മംഗൽപ്പാടി, മഞ്ചേശ്വരം സി.എച്ച്.സികളിൽ ദിവസേന നൂറ് കണക്കിന് രോഗികളാണ് വിവിധ അസുഖങ്ങൾക്ക് ചികിത്സ തേടി എത്തുന്നത്. ഇത്തരത്തിൽ അടിസ്ഥാന സൗകര്യമുണ്ടായിരിക്കെ ആവശ്യമായ ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും നിയമിച്ച് കിടത്തി ചികിത്സയും പരിശോധനാ ലാബുകളും സജ്ജീകരിക്കണം. ഇവിടെ നിലവിലുള്ള ഡോക്ടർമാരിൽ ഭൂരിഭാഗം പേരും താമസിച്ചു വരുന്നത് മംഗളൂരുവിലാണ്. അതിർത്തിയിലെ പ്രശ്‌നങ്ങളും മറ്റും കാരണം ഇവർക്ക് നിർണായക സാഹചര്യങ്ങളിൽ യഥാ സമയം ജോലിക്ക് എത്താൻ സാധിക്കാറില്ല. ഒരിടത്ത് ജോലിയും മറ്റു സംസ്ഥാനത്ത് താമസവുമെന്നത് ഒരിക്കലും അംഗീകരിക്കാനുമാകില്ല.

വർക്ക് അറേഞ്ച്മെന്റിന്റെ പേരിൽ പല ഡോക്ടർമാരും ആരോഗ്യ വകുപ്പ് ജീവനക്കാരും അന്യജില്ലകളിലാണ് ജോലി ചെയ്തുവരുന്നത്. അത്തരം ഡോക്ടർമാരെ കാസർകോടിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തിരിച്ച് വിളിക്കേണ്ടതും വിദഗ്ധരായ കൂടുതൽ ഡോക്ടർമാരെ നിയമിക്കുകയും വേണം.

മെച്ചപ്പെട്ട ചികിത്സ നൽകാൻ ഭൗതിക സാഹചര്യങ്ങളുള്ള നിരവധി സ്വകാര്യ ആശുപത്രികൾ ജില്ലാ ആസ്ഥാനത്ത് നിരവധിയുണ്ട്. ഇത്തരം ആശുപത്രികളിൽ അത്യാധുനിക തരത്തിലുള്ള ചികിത്സകൾ ലഭ്യമാക്കിയാൽ മംഗളൂരുവിലേക്ക് റഫർ ചെയ്യന്ന രീതി ഒഴിവാക്കാനാകും. അതിർത്തിയിൽ ഇപ്പോൾ കർണാടക പൊലിസ് രോഗികളോട് കാണിക്കുന്ന ക്രൂരതയും സാംക്രമിക രോഗങ്ങളും പുതിയ വൈറസുകളും പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വരാൻ പോകുന്ന നാളുകളിൽ ആരോഗ്യരംഗത്ത് വളരെയധികം കരുതൽ വേണ്ടതിനാൽ മഞ്ചേശ്വരത്തെ വിവിധ സർക്കാർ ആശുപത്രികളിൽ അടിയന്തിര പ്രാധാന്യത്തോടെ ആധുനിക രീതിയിലുള്ള ചികിത്സാ സൗകര്യങ്ങളും മറ്റും ഒരുക്കാൻ സർക്കാർ തയ്യാറാകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here