കൊവിഡ് 19: സംസ്ഥാനത്ത് ഇന്റര്‍നെറ്റ് ബാന്‍ഡ് വിഡ്ത്ത് 40 ശതമാനം വര്‍ധിപ്പിക്കാന്‍ ധാരണ

0
226

തിരുവനന്തപുരം: (www.mediavisionnews.in) കൊവിഡ്- 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്റര്‍നെറ്റ് തടസമില്ലാതെ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് വിവര സാങ്കേതികവിദ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കേരള സര്‍ക്കിളിലെ വിവിധ ടെലികോം സേവന ദാതാക്കളും, കേന്ദ്ര സര്‍ക്കാരിന്റെ ടെലികമ്യൂണിക്കേഷന്‍ വകുപ്പ് പ്രതിനിധികളും ചര്‍ച്ച നടത്തി.

നെറ്റ്വര്‍ക്ക് ക്ഷമതയുടെ 30 മുതല്‍ 40 ശതമാനം വരെ അടിയന്തര സാഹചര്യങ്ങളില്‍ വര്‍ധിപ്പിക്കുവാന്‍ കഴിയുമെന്ന് ടെലികോം സേവനദാതാക്കള്‍ ഈ യോഗത്തില്‍ സര്‍ക്കാരിനെ അറിയിച്ചു. നിലവിലെ സാഹചര്യം നേരിടുവാന്‍ പൂര്‍ണമായും സജ്ജമാണെന്ന് ടെലികോം സേവനദാതാക്കള്‍ അറിയിച്ചു. കേരളത്തിലെ ഇന്റര്‍നെറ്റ് ഉപഭോഗത്തിന്റെ ബഹുഭൂരിപക്ഷവും തദ്ദേശീയമായ സെര്‍വറുകള്‍ വഴി തന്നെ ലഭ്യമാക്കിയിട്ടുള്ളതാണ്. മാത്രമല്ല അന്തര്‍ദേശീയ ഇന്റര്‍നെറ്റ് ട്രാഫിക് മൊത്തം ഉപഭോഗത്തിന്റെ വളരെ കുറഞ്ഞ അളവില്‍ മാത്രമാണുള്ളത്.

ഇന്റര്‍നെറ്റ് ഉപഭോഗത്തില്‍ പെട്ടെന്നുണ്ടാകുന്ന വര്‍ധന കാരണം ഉപഭോക്താക്കള്‍ക്ക് അനുഭവപ്പെടുന്ന ലഭ്യതക്കുറവുമായി ബന്ധപ്പെട്ട പരാതികള്‍ ടെലികോം സേവന ദാതാക്കളുടെ പരാതി പരിഹാര നമ്പറിലോ കേരള സര്‍ക്കാര്‍ കോള്‍സെന്റര്‍ നമ്പരായ 155300 ത്തിലോ അറിയിക്കാവുന്നതാണ്.

എന്നാല്‍ ഇത്തരം പരാതികളില്‍ നിന്ന് നിലവിലെ നെറ്റ്വര്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചറിലെ അപര്യാപ്തത മൂലമുള്ള പരാതികള്‍ കര്‍ശനമായും ഒഴിവാക്കേണ്ടതാണ്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഐടി വകുപ്പ് വിവിധ ടെലികോം സേവന ദാതാക്കളില്‍ നിന്ന് ദൈനംദിന റിപ്പോര്‍ട്ട് ആവശ്യപ്പെടും. ഇതു കിട്ടുന്ന മുറയ്ക്ക് ഈ റിപ്പോര്‍ട്ടുകള്‍ അവലോകനം ചെയ്ത് പെട്ടെന്നുണ്ടാകുന്ന ഉപഭോഗ വര്‍ധനവ് സേവനദാതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാര നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here