കൊവിഡ് 19: കാസര്‍കോട്ട് കര്‍ശന നിയന്ത്രണം, പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യും

0
299

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് പുതിയതായി സ്ഥിരീകരിച്ച 28 കൊറോണ കേസുകളില്‍ 19 എണ്ണവും കാസര്‍കോട്ട് ജില്ലയില്‍. കൂടുതല്‍ കൊറോണ കേസുകള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കാസര്‍കോട്ട് ജില്ലയില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തുക. ജനങ്ങള്‍ അനാവശ്യമായി വീടിന് പുറത്തിറങ്ങി നടക്കാന്‍ പാടില്ല. നിര്‍ദ്ദേശം ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യാനാണ് തീരുമാനം. 

ഇവരില്‍ നിന്ന് കനത്ത തുക പിഴയായി ഈടാക്കും. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പോലീസ് കര്‍ശന നിരീക്ഷണം നടത്തും. ജില്ലയില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചുമണിവരെമാത്രമേ കടകള്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളുവെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു. നിയന്ത്രണങ്ങള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.

സംസ്ഥാനത്ത് ഇന്ന് 28 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 19 കേസുകള്‍ കാസര്‍കോട്ടാണ്. അഞ്ചെണ്ണം കണ്ണൂര്‍,  എറണാകുളത്ത് രണ്ട്, പത്തനംതിട്ടയിലും തൃശ്ശൂരും ഓരോ കേസുകള്‍ വീതം എന്നിങ്ങനെയാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

ഇവരില്‍ 25 പേരും ഗള്‍ഫ് നാടുകളില്‍ നിന്നെത്തിയവരാണ്. കൊറോണ കേസുകള്‍ കൂടിയതിനാല്‍ നിരീക്ഷണത്തിലുള്ളവര്‍ ഒരുകാരണവശാലും നിര്‍ദ്ദശങ്ങള്‍ ലംഘിച്ച് ഇറങ്ങി നടക്കാന്‍ പാടില്ല. നിരീക്ഷണത്തിലുള്ളവരുടെ വിശദാശങ്ങള്‍ അയല്‍ക്കാര്‍ക്കും ലഭ്യമാക്കും. നിരീക്ഷണത്തിലുള്ളയാള്‍ ഇറങ്ങി നടന്നാല്‍ അറസ്റ്റുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നവര്‍ 14 ദിവസത്തേക്ക് നിരീക്ഷണത്തില്‍ കഴിയണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചരിക്കുന്നത്. ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് മുഴുവന്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here