ന്യൂഡല്‍ഹി: (www.mediavisionnews.in) കേരളത്തിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ വീണ്ടും അഭിനന്ദിച്ച് സുപ്രീം കോടതി. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളം സ്വീകരിച്ച നടപടികളെ ഇത് രണ്ടാം തവണയാണ് സുപ്രീം കോടതി പ്രശംസിക്കുന്നത്. കൊറോണ കാലത്ത് നിരവധി കുട്ടികള്‍ക്കാണ് സര്‍ക്കാര്‍ ഉച്ചഭക്ഷണം വീടുകളിലെത്തിച്ച് നല്‍കുന്നത്.
കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ അങ്കണവാടികള്‍ മുതല്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിരുന്നു. എന്നാല്‍ അങ്കണവാടി കുട്ടികള്‍ക്കുള്ള ഭക്ഷണം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ വീട്ടിലെത്തിച്ചു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
നേരത്തെ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കേരളത്തിലെ ജയിലുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നടപടികളെ സുപ്രീം കോടതി പ്രശംസിച്ചിരുന്നു. കേരളത്തിലെ ജയിലുകളില്‍ ഐസൊലേഷന്‍ സെല്ലുകള്‍ ഒരുക്കിയിട്ടുണ്ട്, രോഗലക്ഷണങ്ങള്‍ കാണിക്കുന്ന പ്രതികളെ ഈ സെല്ലുകളിലേക്ക് മാറ്റാന്‍ നടപടിസ്വീകരിക്കുന്നുണ്ട്.