ഉപ്പള: (www.mediavisionnews.in) മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ നൂതന സംരഭമായ വനിതാ ഹെൽത്ത് ക്ലബ്ബ് ആൻഡ് ജിംനേഷ്യം മംഗൽപ്പാടിയിൽ തുടങ്ങി. കേരള ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു തദ്ദേശ സ്ഥാപനം ഇത്തരം വേറിട്ട ഒരു പദ്ധതി ആരംഭിച്ചത്. സ്ത്രീകൾക്ക് മാത്രമായി ഒരു ജിംനേഷ്യം തുടങ്ങിയത് വഴി വിദ്യാർത്ഥിനികൾ, കുടുംബിനികൾ, ഉദ്യോഗസ്ഥർ എന്നിങ്ങനെ സമൂഹത്തിലെ നാനാ തുറയിലുള്ള വനിതകളുടെ ശാരീരികവും മാനസികവുമായ ഉണർവിന് സഹായകരമാകും.
മംഗൽപ്പാടിയിൽ വെച്ച് നടന്ന വർണ്ണാഭമായ ചടങ്ങിൽ മാർച്ച് ഏഴാം തീയതി കാസറഗോഡ് എം.പി ശ്രീ രാജ് മോഹൻ ഉണ്ണിത്താൻ ജിംനേഷ്യം നാടിനു സമർപ്പിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.കെ.എം അഷ്റഫ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സ്വാഗതം മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി മമതാ ദിവാകർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഷാഹുൽ ഹമീദ് ബന്ദിയോട് (മംഗൽപ്പാടി) ബി അബ്ദുൽ മജീദ് (വോർക്കാടി), മംഗൽപ്പാടി വൈസ് പ്രസിഡണ്ട് ജമീല സിദ്ദിക്ക്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുസ്തഫ ഉദ്യാവർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിസ്‌ബാന, ഹസീന കെ, പ്രസാദ് റായ്, സദാശിവ, സൈറ ബാനു, ബി.എം ആശാലത, സവിതാ ബാളികെ, ജോയിന്റ് ബിഡിഒ നൂതന കുമാരി എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് മെമ്പർമാരായ ബി.എം മുസ്തഫ, റസാക്ക് ബപ്പയ്ത്തൊട്ടി, ഉമേഷ് ഷെട്ടി, ആരിഫ ഉപ്പള, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അസീസ് മരിക്കെ, സുന്ദര ആരിക്കാടി, സെഡ്.എ കയ്യാർ, വനിതാ ശിശു വികസന ഓഫീസർ ശ്രീമതി സുധാമണി നന്ദിയും അറിയിച്ചു.