കാസർകോട് നിന്നുള്ളവര്‍ അബ്ദുൾ അസീസ് പങ്കെടുത്ത ചടങ്ങിനെത്തിയിരുന്നു , കേരളത്തിലെ രണ്ടാമത്തെ കൊറോണ മരണത്തിൽ പോത്തൻകോട് പരിഭ്രാന്തിയിൽ

0
234

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്തെ രണ്ടാമത്തെ കൊറോണ മരണം സ്ഥിരീകരിച്ച തിരുവനന്തപുരം പോത്തൻകോട് നാട്ടുകാർ പരിഭ്രാന്തിയിൽ. മരിച്ച റിട്ട . പൊലീസ് ഉദ്യോഗസ്ഥൻ വാവറമ്പലം കൊച്ചാലുംമൂട് വീട്ടുവിളാകം വീട്ടിൽ അബ്ദുൾ അസീസിന് (68) കൊറോണ രോഗബാധയുണ്ടായത് എവിടെ നിന്നാണെന്ന് സ്ഥിരീകരിക്കാൻ കഴിയാത്തതും രോഗം ബാധിതനായി ആശുപത്രിയിലാകും മുമ്പ് നിരവധിപേർ പങ്കെടുത്ത വിവാഹം , മരണം തുടങ്ങിയ ചടങ്ങുകളിൽ ഇയാളും കുടുംബവും സംബന്ധിച്ചതുമാണ് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്.

സംസ്ഥാന പൊലീസ് സ്പെഷ്യൽ ബ്രാഞ്ചിൽ നിന്ന് വിരമിച്ച അബ്ദുൾ അസീസ് മാർച്ച് രണ്ടിന് പോത്തൻകോട് രാജശ്രീ ആഡിറ്റോറിയത്തിൽ ബന്ധുവായ പ്രവാസിയുടെ മകളുടെ വിവാഹചടങ്ങിൽ പങ്കെടുത്തിരുന്നു. മകളുടെ വിവാഹം നടത്താൻ നാട്ടിലെത്തിയ പ്രവാസിക്കൊപ്പം വിവാഹം ക്ഷണിക്കാനും മറ്റ് ഏർപ്പാടുകൾക്കും അബ്ദുൾ അസീസും ഒപ്പമുണ്ടായിരുന്നു. മകളുടെ വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കകം പ്രവാസി തിരികെ പോകുകയും ചെയ്തു. അതിനുശേഷം അബ്ദുൾ അസീസ് മാർച്ച് 11ന് കബറടി , 18ന് കൊയ്ത്തൂർക്കോണം ജുമാ മസ്ജിദുകളിൽ രണ്ട് മരണചടങ്ങുകളിൽ അബ്ദുൾ അസീസ് സംബന്ധിച്ചു. ഈ മരണചടങ്ങുകളിൽ കാസർകോഡ്, തമിഴ്നാട് ഭാഗങ്ങളിൽ നിന്നുള്ളവരും പങ്കെടുത്തിരുന്നു . ഇവർ ആരാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഇതിനിടെ അയിരൂപ്പാറ ഫാർമേഴ്സ് ബാങ്കിലെ ചിട്ടിലേലത്തിലും അബ്ദുൾ അസീസ് പങ്കുകൊണ്ടു. മാർച്ച് 21നാണ് അബ്ദുൾ അസീസിന് പനിയും ലക്ഷണങ്ങളുമുണ്ടായത്. വേങ്ങോട് പി..എച്ച്.സെന്ററിൽ ചികിത്സ തേടി.

അഞ്ച് ദിവസത്തെ മരുന്ന് നൽകി ഡോക്ടർ അബ്ദുൾ അസീസിനെ മടക്കി അയച്ചു. മരുന്ന് കഴിച്ചിട്ടും പനി കുറയാതെ വന്നപ്പോൾ മാർച്ച് 23ന് ഗോകുലം മെഡിക്കൽ കോളേജിലെത്തി . സംശയം തോന്നിയ അവർ അന്ന് വൈകുന്നേരത്തോടെ ആംബുലൻസിൽ അബ്ദുൾ അസീസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് അയച്ചു. ആദ്യസ്രവ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു. ഇതിനിടെ ഹൃദ്രോഗ ലക്ഷണങ്ങളുണ്ടായ അബ്ദുൾ അസീസിനെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു.. ഇവിടെ വച്ച് വീണ്ടും നടത്തിയ സ്രവ പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്. തുടർന്ന് വെന്റിലേറ്ററിലാക്കിയ അബ്ദുൾ അസീസ് ഇന്നലെയാണ് മരണപ്പെട്ടത്. അബ്ദുൾ അസീസിന്റെ മരണ വാർത്തയറിഞ്ഞ ഇന്നലെ രാത്രി മുതൽ പ്രദേശമാകെ ഭീതിയിലാണ്. അബ്ദുൾ അസീസിന്റെ സഞ്ചാര പഥങ്ങൾക്ക് പുറമേ കുടുംബശ്രീ പ്രവർത്തകയായ ഭാര്യ സുബൈദബീവിയുടെയും ഇവർക്കൊപ്പം താമസിക്കുന്ന കെ.എസ്.ആർ.ടി.സി കണ്ടക്ടറായ മകളുടെ യാത്രകളും സമൂഹവ്യാപനത്തിനുള്ള സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നതാണ്. അബ്ദുൾ അസീസ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയശേഷവും വാവരമ്പലത്തെ കുടുംബശ്രീയോഗത്തിൽ സംബന്ധിച്ചതാണ് മറ്റൊരു ആശങ്ക. അബ്ദുൾ അസീസിന് കൊറോണ സ്ഥരീകരിച്ചതോടെ കുടുംബാംഗങ്ങളെയെല്ലാം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. വിവാഹ,മരണ ചടങ്ങുകളിൽ സംബന്ധിച്ചവരും സ്വയം നിരീക്ഷണത്തിന് തയ്യാറായി രോഗവ്യാപനത്തെ ചുറുക്കണമെന്ന് ആരോഗ്യ വകുപ്പ് അഭ്യർത്ഥിച്ചിട്ടുണ്ട്. പൊലീസും ആരോഗ്യ വകുപ്പ് ജീവനക്കാരും സ്ഥലത്തെത്തി ബോധവൽക്കരണപ്രവർത്തനങ്ങൾ ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here