കുവൈത്ത് സിറ്റി: (www.mediavisionnews.in) കുവൈത്തില്‍ ഇന്ത്യ ഉള്‍പ്പെടെ 10 രാജ്യങ്ങളില്‍ നിന്നും എത്തുന്ന യാത്രക്കാര്‍ക്ക് കൊറോണ വൈറസ് ഇല്ലെന്ന് ഉറപ്പു വരുത്തുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു.
കൊറോണ വൈറസ് ബാധ ഇല്ലെന്ന് ഉറപ്പ് വരുത്തുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇന്ത്യയിലെ കുവൈത്ത് എംബസ്സിയില്‍ സാക്ഷ്യപ്പെടുത്തുകയും വേണമെന്ന് സിവില്‍ ഏവിയേഷന്‍ വിഭാഗം പുറത്തിറക്കിയ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
മാര്‍ച്ച് എട്ട് മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക. ഇന്ത്യയെ കൂടാതെ തുര്‍ക്കി, ഈജിപ്ത്, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ്, സിറിയ, അസര്‍ബൈജാന്‍, ശ്രീലങ്ക, ജോര്‍ജിയ, ലെബനന്‍ എന്നീ രാജ്യങ്ങള്‍ക്കും നിയമം ബാധകമാണ്.
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ എത്തുന്ന യാത്രക്കാരെ അതാത് രാജ്യങ്ങളിലേക്ക് തിരിച്ചയക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഇത് സംബന്ധിച്ച കുവൈത്ത് അന്താരാഷ്ട വിമാന താവളം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലിന്റെ അറിയിപ്പ് എല്ലാ ട്രാവല്‍ ഏജന്‍സികള്‍ക്കും ലഭിച്ചു.