ആടിയുലഞ്ഞ് ഐപിഎല്‍, ബിസിസിഐ മുള്‍മുനയില്‍

0
227

മുംബൈ (www.mediavisionnews.in): രാജ്യത്ത് കൊറോണ വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായിരിക്കുകയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മാറ്റിവെക്കണമെന്ന ആവശ്യം കായിക ലോകത്ത് ശക്തമാണ്. ഐപിഎലിനായി ആളുകള്‍ സ്റ്റേഡിയത്തില്‍ ഒരുമിച്ച് കൂടുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം.

അതെസമയം ഐപിഎല്‍ ഒരുകാരണവശാലും മാറ്റില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ബിസിസിഐ. ഐപിഎല്‍ തീരുമാനിച്ചത് പോലെ തന്നെ മാര്‍ച്ച് 29ന് തന്നെ തുടങ്ങുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വക്തമാക്കി. കൊറോണ വൈറസ് ബാധിതരുടെ എണ്ണം രാജ്യത്ത് വര്‍ധിച്ചു വരുന്നതിന് ഇടയിലാണ് ടൂര്‍ണമെന്റ് മാറ്റിവെക്കില്ലെന്ന നിലപാട് ബിസിസിഐ പ്രസിഡന്റ് ആവര്‍ത്തിക്കുന്നത്.

ഐപിഎല്‍ മാറ്റി വെക്കണമോ എന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണെന്ന് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് തോപേ പറഞ്ഞിരുന്നു. എന്നാല്‍, നിശ്ചയിച്ച പ്രകാരം തന്നെ ഐപിഎല്‍ നടക്കുമെന്ന് പറഞ്ഞ ഗാംഗുലി, ബിസിസിഐ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുമെന്നും വ്യക്തമാക്കി.

കൊറോണ വൈറസ് സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളെല്ലാം പാലിക്കുമെന്നും, കളിക്കാര്‍, ഫ്രാഞ്ചൈസികള്‍, എയര്‍ലൈന്‍സ്, ടീം ഹോട്ടല്‍, ബ്രോഡ്കാസ്റ്റ് സംഘം എന്നിവരെല്ലാം മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ്് വരുത്തുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നത്.

അതെസമയം ഏകദിന പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ത്യയിലെത്തിയിട്ടുണ്ട്. 16 അംഗ ദക്ഷിണാഫ്രിക്കന്‍ ടീമാണ് ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നത്. ഈ മാസം 12നാണ് പരമ്പരയിലെ ആദ്യ മത്സരം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുളളത്. മാര്‍ച്ച് 15ന് ലഖ്നൗവിലും, മാര്‍ച്ച് 18ന് കൊല്‍ക്കത്തയിലുമാണ് മറ്റ് രണ്ട് ഏകദിനങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here