അനുമതിയില്ലാതെ സന്നദ്ധപ്രവര്‍ത്തനം നടത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് കാസര്‍ഗോഡ് കളക്ടര്‍

0
183

കാസര്‍ഗോഡ്: (www.mediavisionnews.in) കാസര്‍ഗോഡ് ജില്ലയില്‍ അനുമതിയില്ലാതെ സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ ഡോ. സജിത്ത് ബാബു. ഒരു സന്നദ്ധ പ്രവര്‍ത്തനവും ഇവിടെ അനുവദിക്കില്ലെന്നും ഇവിടെ ഒരു സര്‍ക്കാരുണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

സന്നദ്ധ പ്രവര്‍ത്തകരെ ആവശ്യമുണ്ടെങ്കില്‍ പറയും. ഇവിടെ നിലവില്‍ ഒരു സന്നദ്ധ പ്രവര്‍ത്തകരുടേയും ആവശ്യമില്ല. അത്തരത്തില്‍ പ്രവര്‍ത്തനമെന്ന് പറഞ്ഞ് ഇറങ്ങുന്നവരെ അറസ്റ്റ് ചെയ്യാനാണ് ഉത്തരവിറക്കിയിരിക്കുന്നത്.

കാസര്‍ഗോഡ് ജില്ലാ കളക്ടറോ അല്ലെങ്കില്‍ ഉത്തരവാദിത്തപ്പെട്ട മറ്റുള്ളവരോ പറഞ്ഞാല്‍ മാത്രമേ ഇത്തരക്കാര്‍ക്ക് ഇറങ്ങാന്‍ കഴിയൂ. അല്ലാത്തപക്ഷം റോഡില്‍ എവിടെയെങ്കിലും ഇത്തരത്തില്‍പ്പെട്ടവരെ കണ്ടാല്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിറക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ തീരുമാനിക്കും ആരാണ് സന്നദ്ധപ്രവര്‍ത്തനത്തിനായി ഇറങ്ങേണ്ടതെന്നും അതനുസരിച്ച് മാത്രമേ കാര്യങ്ങള്‍ നടക്കുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ആശങ്ക ഒറ്റക്കാര്യത്തിലേ ഉള്ളൂ. രണ്ടാമത്തെ പേഷ്യന്റില്‍ നിന്നും ഏഴാമത്തെ പേഷ്യന്റിലേക്ക് വന്ന കാര്യമാണ് അത്. മറ്റൊന്നും ഞങ്ങളെ ആശങ്കപ്പെടുത്തുന്നില്ല. എല്ലാം നിയന്ത്രണത്തിലാണ്.

എനിക്കും പനി വന്നേക്കാം എന്ന് കരുതി വരുന്നവരെയെല്ലാം കൊവിഡ് ടെസ്റ്റ് നടത്തില്ല. നിങ്ങള്‍ ഏത് പി.എസ്.സിയുടെ പരിധിക്കുള്ളിലാണ് അവിടെ പോകാം. പരിശോധന നടത്താം.

മുനിസിപ്പാലിറ്റിക്ക് കീഴില്‍ ഉള്ളവര്‍ക്ക് മെഡിക്കല്‍ കോളേജിലോ ബീച്ചിലോ പോകാം. എന്നാല്‍ കൊവിഡ് പരിശോധന ആര്‍ക്കൊക്കെ നടത്തണമെന്ന് തീരുമാനിക്കാന്‍ ഇവിടെ പ്രത്യേക സംഘം ഉണ്ട്.

കാസര്‍ഗോഡ് ജില്ലയിലെ ജനസംഖ്യ 13 ലക്ഷമാണ്. ഇതില്‍ എല്ലാവര്‍ക്കും ടെസ്റ്റ് നടത്താന്‍ ആവില്ല. ആര് എടുക്കണം എന്ന് ഡോക്ടര്‍ പറയും. അവര്‍ മാത്രം ടെസ്റ്റ് എടുത്താല്‍ മതി.

മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം പുതിയ അഡീഷണല്‍ സൂപ്രണ്ടിനെ നിയോഗിച്ചിട്ടുണ്ട്. ഹോസ്പിറ്റല്‍ കമ്മിറ്റി മീറ്റിങ് നടത്തിയ പ്രകാരം ഡി.എം.ഒയും ഡി.എസ്.ഒയും കളക്ട്രേറ്റില്‍ ഉണ്ടാകണമെന്ന നിര്‍ദേശം കൊടുത്തിട്ടുണ്ട്.

അവര്‍ 21 ദിവസം കളക്ട്രേറ്റില്‍ ഉണ്ടാകും. ആംബുലന്‍സുകളുടെ കാര്യത്തില് സംവിധാനം ഒരുക്കിയിട്ടുണ്ട്. അതിന് പുറമെ 7 വെന്റിലേറ്ററുകള്‍ സംഘടിപ്പിക്കാനും പോര്‍ട്ടബിള്‍ എക്‌സ്‌റേ മെഷീന്‍ സംഘടിപ്പിക്കാനുള്ള വിപുലമായ സംവിധാനങ്ങള്‍ ഒരുക്കി മുന്നോട്ടുപോകുകയാണ് ജില്ലാ ഭരണകൂടമെന്നും കളക്ടര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here