സൗദിയില്‍ സല്‍മാന്‍ രാജാവിന്റെ സഹോദരന്‍ അടക്കം മൂന്ന് രാജകുടുംബാംഗങ്ങള്‍ അറസ്റ്റില്‍

0
188

റിയാദ്: (www.mediavisionnews.in) സല്‍മാന്‍ രാജാവിന്റെ സഹോദരന്‍ അടക്കം രാജകുടുംബത്തിലെ മൂന്നു പേര്‍ സൗദിയില്‍ തടങ്കലില്‍. രണ്ടു പേര്‍ സൗദി ഭരണകൂടത്തില്‍ ഏറെ സ്വാധീനം ഉള്ളവരാണ് എന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത യു.എസ് മാദ്ധ്യമങ്ങള്‍ പറയുന്നു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അധികാരം അരക്കെട്ടുറപ്പിക്കുന്ന തരത്തിലാണ് രാജ്യത്തെ പുതിയ സംഭവവികാസങ്ങള്‍.

സല്‍മാന്‍ രാജാവിന്റെ സഹോദരന്‍ അഹ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ്, അനന്തരവനും മുന്‍ ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫ്, നായിഫിന്റെ ഇളയ സഹോദരന്‍ നവാഫ് ബിന്‍ നായിഫ് എന്നിവരാണ് അറസ്റ്റിലായവര്‍. ഇവരെ റോയല്‍ ഗാര്‍ഡുകള്‍ വെള്ളിയാഴ്ച രാവിലെ വീട്ടില്‍ നിന്ന് പിടിച്ചു കൊണ്ടുപോകുകയായിരുന്നു എന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണലും ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജാവിനെയും കിരീടാവകാശിയെയും സ്ഥാനഭ്രഷ്ടനാക്കി അട്ടിമറിക്കു ശ്രമിച്ചു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റമെന്നും ജീവപര്യന്തം വരെ തടവു കിട്ടാമെന്നും പത്രം പറയുന്നു.

സൗദി സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ മകനായ പ്രിന്‍സ് അഹ്മദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുടുംബത്തില്‍ ഏറെ ആദരിക്കപ്പെടുന്ന വ്യക്തിയാണ്.

അറസ്റ്റിനോട് സൗദി വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല. വാഷിങ്ടണിലെ സൗദി എംബസി ഇതോട് മറുപടി പറയാന്‍ വിസമ്മതിച്ചെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here