സ്‌കോട്ടലന്‍ഡ് ജെഴ്‌സി അണിഞ്ഞ് ഇന്ത്യന്‍ സൂപ്പര്‍ താരം, അധികമാരും അറിയാത്ത കഥ

0
207

ബെംഗളൂരു (www.mediavisionnews.in):  ക്രിക്കറ്റ് ലോകത്ത് അപൂര്‍വ്വം ചില ഭാഗ്യങ്ങള്‍ കിട്ടിയ താരങ്ങളില്‍ ഒരാളാണ് ഇന്ത്യയുടെ വന്‍മതില്‍ എന്ന് അറിയപ്പെടുന്ന രാഹുല്‍ ദ്രാവിഡ്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായി അറിയപ്പെടുന്ന ദ്രാവിഡ് മറ്റൊരു ടീമിന്റേയും ജെഴ്‌സി അണിഞ്ഞിട്ടുണ്ട്. ക്രിക്കറ്റ് ലോകത്ത് അധികമാരും അറിയാത്ത ആ കഥയിങ്ങനെയാണ്.

ഇന്ത്യക്ക് പുറമെ സ്‌കോട്ട്‌ലന്‍ഡ് ടീമിനായാണ് ദ്രാവിഡ് കളിച്ചിട്ടുളളത്. 2003ലെ ഏകദിന ലോകകപ്പിനു ശേഷമായിരുന്നു സ്‌കോട്ടിഷ് ടീമിനു വേണ്ടി ദ്രാവിഡ് ഇറങ്ങിയത്. ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍ എത്തിയിരുന്നു. ടൂര്‍ണമെന്റിനു ശേഷം ദ്രാവിഡുള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ക്കു ബിസിസിഐ വിശ്രമം നല്‍കുകയും ചെയ്തു.

ഈ സമയത്താണ് സ്‌കോട്ട്ലാന്‍ഡ് ടീമില്‍ നിന്നും അദ്ദേഹത്തിന് ഓഫര്‍ വരുന്നത്. ടീമിന്റെ മാര്‍ക്വി വിദേശ താരമായി കളിക്കാനായിരുന്നു ഓഫര്‍. ഇതു ദ്രാവിഡ് സ്വീകരിക്കുകയും 13 മത്സരങ്ങള്‍ അവര്‍ക്കായി കളിക്കുകയും ചെയ്തു.

സ്‌കോട്ട്‌ലന്‍ഡ് ടീമിനെ വാര്‍ത്തെടുക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ദ്രാവിഡിന്റെ യാത്ര. സ്‌കോട്ടിഷ് ക്രിക്കറ്റ് യൂണിയന്റെ ചീഫ് എക്സിക്യൂട്ടാവായിരുന്ന ഗ്വയ്ന്‍ ജോണ്‍സാണ് 2003ല്‍ അന്നത്തെ ഇന്ത്യന്‍ കോച്ചായിരുന്ന ജോണ്‍ റൈറ്റിനെ സമീപിക്കുന്നത്. സ്‌കോട്ടേിഷ് ടീമിന് വഴി കാട്ടാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ കുറച്ചു നാളത്തേക്കു വിട്ടു നല്‍കണമെന്നായിരുന്നു ജോണ്‍സിന്റെ അപേക്ഷ.

മൂന്നു വര്‍ഷത്തെ ട്രയല്‍ കാലയളവില്‍ ദേശീയ ക്രിക്കറ്റ് ലീഗിന്റെ രണ്ടാം ഡിവിഷനിലേക്കു പ്രൊമോഷന്‍ ലഭിച്ച സ്‌കോട്ടിഷ് ടീമിനു വേണ്ടി സച്ചിനെ കളിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ജോണ്‍സിന്റെ ആവശ്യം. എന്നാല്‍ പിച്ചിന് അകത്തും പുറത്തും നിങ്ങള്‍ക്കു കൂടുതല്‍ ഗുണം ചെയ്യുക സച്ചിനായിരിക്കില്ല, മറിച്ചു ദ്രാവിഡിയിരിക്കുമെന്നായിരുന്നു ജോണ്‍സിനോട് റൈറ്റ് പറഞ്ഞത്. അങ്ങനെയാണ് സച്ചിന് പകരം ദ്രാവിഡ് ഇംഗ്ലണ്ടിലേക്ക് പറന്നത്. നവവധു വിജേതയും ദ്രാവിഡിനൊപ്പം ഉണ്ടായിരുന്നു.

അന്നു സ്‌കോട്ടിഷ് ടീമിന് ഐസിസി അംഗത്വം ലഭിച്ചിരുന്നില്ല. 45000 പൗണ്ടായിരുന്നു ദ്രാവിഡ് നല്‍കിയ പ്രതിഫലത്തുക. സ്‌കോട്ടിഷ് ടീമിനു വേണ്ടി മിന്നുന്ന പ്രകടനമായിരുന്നു ദ്രാവിഡ് കാഴ്ചവച്ചത്. 11 മല്‍സരങ്ങളില്‍ നിന്നും 66.66 ശരാശരിയില്‍ 600 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു. ടൂര്‍ണമെന്റില്‍ സ്‌കോട്ടിഷ് ടീമിന്റെ ടോപ്സ്‌കോററും ദ്രാവിഡ് തന്നെയായിരുന്നു. ദ്രാവിഡ് ടീമിന്റെ ഹീറോയായെങ്കിലും മറ്റുള്ളവരൊന്നും പ്രതീക്ഷയ്ക്കൊത്തുയര്‍ന്നില്ല. 11 മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് അവര്‍ക്കു ജയിക്കാനായത്.

നിലവില്‍ ഐസിസി ഏകദിന റാങ്കിങില്‍ 15ാമതും ടി20യില്‍ 13ാം സ്ഥാനത്തുമുളള ടീമാണ് സ്‌കോട്ട്‌ലന്‍ഡ്.

LEAVE A REPLY

Please enter your comment!
Please enter your name here