തിരുവനന്തപുരം (www.mediavisionnews.in) : 39 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിലെ സ്ഥിതി കൂടുതൽ ഗൗരവതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏതു സാഹചര്യത്തെയും നേരിടാൻ ഒരുങ്ങേണ്ടതുണ്ടെന്നും നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പോസീറ്റീവായവർ ആദ്യം തന്നെ ആശുപത്രിയിൽ പോയി രോഗം സ്ഥിരീകരിച്ചവരല്ല. അവരെ നിരീക്ഷണത്തിൽ വയ്ക്കും. അവിടെനിന്നാണ് സാന്പിളുകൾ അയയ്ക്കുന്നത്. പുതുതായി കണ്ടെത്തിയ രോഗികൾ നിരവധി പേരെ ബന്ധപ്പെട്ടവരാണ്. ഇതിൽതന്നെ വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ചവരുണ്ട്. അതുകൊണ്ട് അവരുടെ പേരുവവിരങ്ങൾ പരസ്യമായി പറയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് പ്രതിരോധത്തിന് ക്യൂബയിൽനിന്നുള്ള മരുന്ന് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങൾ ഉയർന്നു. ഇതിന് അനുമതി ലഭിക്കേണ്ടതുണ്ട്. രോഗപ്രതിരോധത്തിനുള്ള എല്ലാ സാധ്യതകളും തേടും. റാപ്പിഡ് ടെസ്റ്റ് നടത്താൻ അനുമതി ലഭിച്ചാലുടൻ പരിശോധന തുടങ്ങുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് ചികിത്സയ്ക്ക് എച്ച്ഐവി മരുന്നുകൾ ഇപ്പോൾ ജില്ലാ ആശുപത്രികളിൽനിന്നാണ് നൽകുന്നത്. അത് താലൂക്ക് ആശുപത്രികളിൽനിന്നു നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.