ന്യൂദല്‍ഹി (www.mediavisionnews.in) :സസ്പെൻഡ് ചെയ്ത ഏഴ് കോൺഗ്രസ് എംപിമാരുടെ ലോക്സഭ അംഗത്വം റദ്ദാക്കണമെന്ന് ബിജെപി. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി സ്പീക്കർക്ക് കത്തുനൽകി. വിഷയം സമിതി രൂപീകരിച്ച് ചർച്ച ചെയ്യാമെന്ന് സ്പീക്കർ പറഞ്ഞു. ദില്ലി കലാപത്തെ ചൊല്ലിയുള്ള ബഹളത്തിനിടെ പേപ്പർ വലിച്ചു കീറിയെറിഞ്ഞ ഏഴ് കോൺഗ്രസ് എംപിമാരെ ആണ് ഇന്ന് സസ്പെൻഡ് ചെയ്തത്.
ലോക്സഭയിലെ ബഹളത്തിനിടെ അദ്ധ്യക്ഷന്‍റെ ടേബിളിൽ നിന്ന് പേപ്പർ എടുത്ത് വലിച്ചു കീറി എറിഞ്ഞതിനാണ് എംപിമാർക്ക് സസ്പെൻഷൻ. കേരളത്തിൽ നിന്നുള്ള ബെന്നി ബഹന്നാൻ, രാജ്മോഹൻ ഉണ്ണിത്താൻ, ടിഎൻ പ്രതാപൻ, ഡീൻ കുര്യാക്കോസ് എന്നിവരുൾപ്പടെ ഏഴ് പേരെയാണ് ഈ സമ്മേളന കാലയളവിലേക്ക് സസ്പെൻഡ് ചെയ്തത്. ഭയക്കില്ലെന്നും എല്ലാവരെയും സസ്പെൻഡ് ചെയ്യുന്നത് വരെ പ്രതിഷേധം തുടരുമെന്നും കോൺഗ്രസ് വ്യക്തമാക്കി. ലോക്സഭാ സ്പീക്കറുടെ അനുമതിയോടെയാണ് നടപടി.
കേരളത്തിലെ എംപിമാർക്കൊപ്പം കോൺഗ്രസ് ചീഫ് വിപ്പ് ഗൗരവ് ഗൊഗോയി, തമിഴ്നാട്ടിൽ നിന്നുള്ള മണിക്കം ടാഗൂർ, അമൃത്സർ എംപി ഗുർജിത് സിംഗ് എന്നിവർക്കും സസ്പെൻഷനുണ്ട്. ഈ സമ്മേളനം മുഴുവൻ ഇവർ സഭയ്ക്ക് പുറത്ത് നില്‍ക്കണം എന്ന സർക്കാർ പ്രമേയം ശബ്ദവോട്ടോടെ അംഗീകരിച്ചു. രണ്ട് ദിവസമായി സ്പീക്കർ ഓം ബിർള സഭയിൽ നിന്ന് വിട്ടുനില്‍ക്കുകയാണ്. അദ്ധ്യക്ഷകസേരയിലുണ്ടായിരുന്ന മീനാക്ഷി ലേഖി നടപടി പ്രഖ്യാപിച്ചത് അസാധാരണമാണ്. പാർലമെന്‍റ് പരിസരം വിട്ടുപോകണമെന്നും എംപിമാർക്ക് മീനാക്ഷിലേഖി നിർദ്ദേശം നല്‍കി.
തീരുമാനം പ്രഖ്യാപിച്ചതോടെ സഭയിൽ വൻ ബഹളമായി. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പാർലമെൻറിൽ എത്തി സസ്പെൻഷനിലായ എംപിമാരെ കണ്ടു. പ്രതിപക്ഷ പാർട്ടികളുടെ സംയുക്തയോഗം വിളിച്ച് നടപടിക്കെതിരെ നീങ്ങാനാണ് കോൺഗ്രസ് തീരുമാനം. എല്ലാ പരിധിയും ലംഘിച്ചതുകൊണ്ടാണ് സസ്പെൻഷനെന്ന് ബിജെപി പ്രതികരിച്ചു. ഒരു വനിത ചെയറിലിരിക്കെ മര്യാദവിട്ട് പെരുമാറിയ എംപിമാരുടെ ലോക്സഭ അംഗത്വം തന്നെ റദ്ദാക്കണം എന്ന കത്തും ബിജെപി സ്പീക്കർക്ക് നല്‍കും. സമിതി രൂപീകരിച്ച് ഇക്കാര്യം ചർച്ച ചെയ്യാമെന്ന് സ്പീക്കർ അറിയിച്ചു.