സമുദായാംഗത്തെ മന്ത്രിയാക്കണം; യെദ്യൂരപ്പ സര്‍ക്കാരിനെ വീഴ്ത്തുമെന്ന ഭീഷണിയുമായി ലിംഗായത്ത് മഠാധിപതി

0
198

ബെംഗളൂരു: (www.mediavisionnews.in)  മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് മുന്നറിയിപ്പുമായി വീണ്ടും ലിംഗായത്ത് മഠാധിപതി. കലബുറഗി എം.എല്‍.എ. ദത്താത്രേയ പാട്ടില്‍ റെവൂരിനെ മന്ത്രിയാക്കിയില്ലെങ്കില്‍ ബി.ജെ.പി. എം.എല്‍.എ.മാരുടെ കൂട്ടരാജിയുണ്ടാകുമെന്ന് ശ്രീശൈല സാരംഗ് മഠാധിപതി സാരംഗധര ദേശികേന്ദ്ര സ്വാമി മുന്നറിയിപ്പുനല്‍കി.

യെദ്യൂരപ്പ കാലാവധി പൂര്‍ത്തിയാക്കണമെന്നും അടുത്ത തിരഞ്ഞെടുപ്പിലും ബി.ജെ.പി. വിജയിക്കണമെന്നുമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍, ദത്താത്രേയ പാട്ടീല്‍ റെവൂരിനെ മന്ത്രിയാക്കിയില്ലെങ്കില്‍ മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ യെദ്യൂരപ്പയ്ക്ക് കഴിയില്ലെന്നും സാരംഗധര ദേശികേന്ദ്ര സ്വാമി പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ കല്യാണ കര്‍ണാടക മേഖലയില്‍നിന്നുള്ള പത്ത് എം.എല്‍.എ.മാര്‍ രാജിവെക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. മന്ത്രിയാക്കുന്നില്ലെങ്കില്‍ ദത്താത്രേയ പാട്ടീലിനോട് എം.എല്‍.എ.സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെടുമെന്നും ഏക്കര്‍ കണക്കിന് കൃഷിയിടവും ബിസിനസുമുള്ള അദ്ദേഹത്തിന് രാഷ്ട്രീയത്തിന്റെ ആവശ്യമില്ലെന്നും മഠാധിപതി പറഞ്ഞു.

സമുദായാംഗങ്ങളായ എം.എല്‍.എ.മാരെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി നേരത്തേയും മഠാധിപതിമാര്‍ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയത്തിലും സര്‍ക്കാരിലും സമുദായനേതാക്കള്‍ ഇടപെടുന്നതിനെ രാഷ്ട്രീയനേതാക്കള്‍ ശക്തമായി എതിര്‍ത്തിരുന്നു. കഴിഞ്ഞമാസം ലിംഗായത്ത് മഠാധിപതിയായ വചനാനന്ദ സ്വാമിയും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു.

മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പങ്കെടുത്ത ചടങ്ങില്‍വെച്ച്‌ സമുദായാംഗവും എം.എല്‍.എ.യുമായ മുരുകേഷ് നിറാനിയെ മന്ത്രിയാക്കണമെന്നാവശ്യപ്പെടുകയായിരുന്നു. വേദിയിലുണ്ടായിരുന്ന യെദ്യൂരപ്പ സ്വാമിയോട് അമര്‍ഷം പ്രകടിപ്പിക്കുകയും മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു. വചനാനന്ദ സ്വാമിയെ തള്ളി മറ്റ് ലിംഗായത്ത് മഠാധിപതികള്‍ രംഗത്തെത്തുകയും മുഖ്യമന്ത്രിക്ക് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ലിംഗായത്ത് മഠാധിപതി യെദ്യൂരപ്പയെ ഭീഷണിപ്പെടുത്തി രംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here