വാഹനങ്ങളില്‍ മിന്നിത്തെളിയുന്ന ലൈറ്റിന് പിടി വീഴുന്നു; പിഴ 5000 രൂപ വരെ

0
182

തിരുവനന്തപുരം (www.mediavisionnews.in):  വാഹനങ്ങളില്‍ നിയമവിധേയമായ ലൈറ്റുകള്‍ക്കുപുറമെ ഘടിപ്പിച്ചിട്ടുള്ളവര്‍ക്കെതിരേ നടപടിയെടുക്കാനൊരുങ്ങി മോട്ടോര്‍വാഹനവകുപ്പ്. രാത്രികാലങ്ങളില്‍ എതിരെവരുന്ന വാഹനയാത്രക്കാര്‍ക്ക് ഡ്രൈവിങ്ങിന് ബുദ്ധിമുട്ട് നേരിടുന്ന പരാതികള്‍ കൂടിയതോടെയാണ് അധികൃതര്‍ കര്‍ശന നടപടിക്കൊരുങ്ങുന്നത്.

മോട്ടോര്‍ സൈക്കിളുകളിലും ഒട്ടോറിക്ഷകളിലുമാണ് ഇവ കൂടുതലായി കാണുന്നത്. ബസ്സുകളുടെ ചുറ്റും പ്രകാശസംവിധാനമൊരുക്കന്നതും പതിവാണ്. ടൂറിസ്റ്റ് ബസ്സുകളിലടക്കം ഇത്തരം പ്രവണത കണ്ടുവരുന്നുണ്ട്.

വാഹനങ്ങളില്‍ അധികലൈറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നത് മുതിര്‍ന്ന പൗരന്മാര്‍ക്കടക്കം രാത്രിയില്‍ ഡ്രൈവിങ്ങിന് തടസ്സമാകുന്നതായി പരാതി ഉയരുന്നുണ്ടെന്ന് മോട്ടോര്‍വാഹനവകുപ്പധികൃതര്‍ പറയുന്നു. എല്‍.ഇ.ഡി. ലൈറ്റുകള്‍ ബൈക്കുകളില്‍ പിടിപ്പിക്കുന്നത് പതിവാണ്.

മിന്നിത്തെളിയുന്ന ലൈറ്റുകള്‍മൂലം എതിരെവരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് മുന്‍വശം കാണുന്നതിന് തടസ്സമാകുന്ന സ്ഥിതിയാണ്. റോഡപകടങ്ങളില്‍ കൂടുതലും ബൈക്കുകളും ഓട്ടോറിക്ഷകളും ഇടിച്ചുള്ളതാണെന്നതാണ് പരിശോധന കര്‍ശനമാക്കാന്‍ കാരണമെന്ന് പട്ടാമ്പി ജോയന്റ് ആര്‍.ടി.ഒ. സി.യു. മുജീബ് പറഞ്ഞു.

മാര്‍ച്ച് ഏഴിനകം അധികലൈറ്റുകള്‍ അഴിച്ചുമാറ്റാനാണ് നിര്‍ദേശം. ബൈക്കുകളിലെ സൈലന്‍സര്‍, മറ്റ് ഭാഗങ്ങള്‍ എന്നിവ രൂപമാറ്റം വരുത്തുന്നവര്‍ക്കെതിരെയും നടപടിയെടുക്കും.

പിഴ ഇങ്ങനെ

ബൈക്കില്‍ അധിക ലൈറ്റുകള്‍ ഇട്ടാല്‍ 5,000 രൂപ പിഴയീടാക്കും. ഓട്ടോറിക്ഷകളില്‍ 3,000 രൂപ. കൂടാതെ ഡ്രൈവറുടെ ലൈസന്‍സും സസ്പെന്‍ഡ് ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here