തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ലോക്ഡൗണ്‍ നിര്‍ദേശം ലംഘിച്ച് യാത്ര ചെയ്തതിന് ഇന്ന് 1,751 പേര്‍ക്കെതിരെ കേസെടുത്തു. ഇന്നും ഇന്നലെയുമായി ആകെ 3,612 കേസുകളെടുത്തു.
ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് കോഴിക്കോട് സിറ്റിയിലാണ്. 338 കേസുകളാണ് ഇവിടെയെടുത്തത്. ഇടുക്കിയില്‍ 214 കേസുകളും കോട്ടയത്ത് 208 കേസുകളും എടുത്തു.
കാസര്‍ഗോഡ് ജില്ലയിലാണ് ഏറ്റവും കുറവ് കേസെടുത്തിരിക്കുന്നത്. പത്ത് കേസുകള്‍ മാത്രമാണ് ഇവിടെയെടുത്തത്.
തിരുവനന്തപുരം-204, കൊല്ലം-276, പത്തനംതിട്ട-43, ആലപ്പുഴ-178, എറണാകുളം-125, തൃശ്ശൂര്‍-57, പാലക്കാട്-19, മലപ്പുറം-11, വയനാട്-35, കണ്ണൂര്‍-20 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം.
സംസ്ഥാനത്ത് ഇന്നലെ ഒന്‍പത് പേര്‍ക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. പാലക്കാട് രണ്ട് പേര്‍, എറണാകുളത്ത് മൂന്ന് പേര്‍, പത്തനംതിട്ടയില്‍ രണ്ട് പേര്‍, ഇടുക്കിയില്‍ ഒരാള്‍, കോഴിക്കോട് ഒരാള്‍ എന്നിങ്ങനെയാണ് കണക്കുകള്‍.
നാല് പേര്‍ ദുബായില്‍ നിന്നാണ്. ഒരാള്‍ യു.കെ, ഒരാള്‍ ഫ്രാന്‍സ്. മൂന്നാള്‍ക്ക് കോണ്ടാക്ടിലൂടെയാണ് രോഗം ലഭിച്ചത്. 12 പേരുടെ രോഗം സുഖപ്പെട്ടു. തിരുവനന്തപുരത്തും തൃശ്ശൂരും ചികിത്സയിലായിരുന്ന രണ്ട് പേര്‍ രോഗം ഭേദപ്പെട്ട് ചികിത്സയിലാണ്.
ആകെ 76, 542 ആളുകളാണ് നിരീക്ഷണത്തിലുള്ളത്. 76,010 പേര്‍ വീടുകളില്‍. 542 പേര്‍ ആശുപത്രികളില്‍. ഇന്ന് മാത്രം 122 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 4902 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 3465 എണ്ണം നെഗറ്റീവായി തിരികെ വന്നു.