മുംബൈ (www.mediavisionnews.in): റോഡ് സേഫ്റ്റി ലോക സീരീസില്‍ ഇന്ത്യന്‍ ലെജന്‍ഡ്സ് നായകന് സച്ചിന് ടെന്‍ഡുല്‍ക്കറുടെ ഒരു തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് വീരേന്ദ്ര സെവാഗ്. ആദ്യ മത്സരത്തിന് പിന്നാലെ ശ്രീലങ്കന്‍ ലെജന്‍ഡ്സിനെതിരായ മത്സരത്തിലും ടോസ് ലഭിച്ചിട്ടും ബൗളിംഗ് തിരഞ്ഞെടുത്തതാണ് സെവാഗിനെ ചൊടിപ്പിച്ചത്.
സച്ചിന്റെ തീരുമാനം കാരണം തങ്ങളെ 20 ഓവറും ഫീല്‍ഡ് ചെയ്യിച്ച് കഷ്ടപ്പെടുത്തി എന്നാണ് സെവാഗ് പരിഹസിക്കുന്നത്.
ഫീല്‍ഡ് ചെയ്യുമ്പോള്‍ ഞങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടുകയായിരുന്നു. എന്നാല്‍ സച്ചിന് ഇവിടേയും ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത് ഞങ്ങളെ 20 ഓവറും ഫീല്‍ഡ് ചെയ്യിച്ചു. ബാറ്റിംഗിന് ഇറങ്ങുന്നതിന് മുമ്പ് ഞങ്ങളെ സച്ചിന് ഇതിലൂടെ ക്ഷീണിപ്പിച്ചെന്നും ചിരി കലര്‍ത്തി സെവാഗ് പരാതിയായി പറഞ്ഞു.
മത്സരത്തില്‍ ഇന്ത്യ ലെജന്‍ഡ്സ് 5 വിക്കറ്റിനാണ് വിജയിച്ചത്. ശ്രീലങ്ക ലെജന്‍ഡ്സ് മുന്നോട്ടു വെച്ച 139 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യന്‍ ലെജന്‍ഡ്സ് 14.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 81 എന്ന നിലയിലായിരുന്നു. അവിടെ നിന്ന് ഇര്ഫാന് പത്താന് നല്കിയ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യ ലെജന്‍ഡ്സിന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്.
31 പന്തുകളില്‍ നിന്ന് 6 ബൗണ്ടറികളും മൂന്ന് സിക്സും സഹിതം 57 റണ്‍സെടുത്ത് പത്താന് പുറത്താവാതെ നിന്നു. മുഹമ്മദ് കൈഫ് 46 റണ്‍സെടുത്തു.