യു.പി പൗരത്വ സമരത്തിനെതിരായ പോലീസ് ഭീകരത, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മുസ്‌ലിംലീഗ് ധനസഹായം

0
209

മീററ്റ് (www.mediavisionnews.in): പൗരത്വ നിയമവിരുദ്ധ പോരാട്ടത്തെ അടിച്ചമർത്താൻ ഉത്തര്‍ പ്രദേശ് പൊലീസ് വെടി വെച്ച് കൊന്നവരുടെ കുടുംബാംഗങ്ങൾക്ക് മുസ്‍ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ ധനസഹായം. മുസ്‍ലിം ലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ: ഖാദർ മൊയ്തീൻ മീററ്റിൽ ധനസഹായ വിതരണം ഉത്ഘാടനം ചെയ്തു. മീററ്റ്, കാൺപൂർ, ബിജ് നോർ എന്നിവിടങ്ങളിൽ നിന്നു പൊലീസ് വെടി വെച്ച് കൊന്ന പത്ത് പേർക്ക് മൂന്ന് ലക്ഷം രൂപ വീതമാണ് നൽകിയത്. സുലൈമാൻ, അനസ്(ബിജ് നോർ) മുഹമ്മദ് അഫ്താബ്, മുഹമ്മദ് സൈഫ്, മുഹമ്മദ് റഈസ് (കാൺപൂർ ) മുഹ്സിൻ, ജഹീർ, അലിം, ആസിഫ്, മുഹമ്മദ് ആസിഫ് (മീററ്റ് ) എന്നിവർക്കുള്ള ധനസഹായമാണ് വിതരണം ചെയ്തത്.

പൗരത്വ നിയമ ഭേദഗതിക്കെതിരായ ജനകീയ സമരത്തെ കേട്ടുകേൾവിയിലാത്ത രൂപത്തിലാണ് ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യ നാഥ് സര്‍ക്കാര്‍ അടിച്ചമർത്തിയത്. 22 പേരുടെ മരണമാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തത്. ഈ 22 പേരുടെയും കുടുംബങ്ങളെയും സഹായിക്കാനാണ് മുസ്‍ലിം ലീഗ് തീരുമാനം. ഭരണകൂട ഭീകരത അരങ്ങേറിയ അടുത്ത ദിവസം തന്നെ പാർട്ടി ദേശീയ നേതൃത്വം നിയോഗിച്ച യൂത്ത് ലീഗ്, എം.എസ്.എഫ് പ്രതിനിധി സംഘം യു.പി യിലെത്തിയിരുന്നു. ഇവർ തയാറാക്കിയ വസ്തുതാന്വേഷണ റിപ്പോർട്ട് പാർട്ടിക്ക് സമർപ്പിച്ചു. പിന്നീട് പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ എം.പി മാരടങ്ങുന്ന ഉന്നത തല നേതൃ സംഘം മീററ്റിലെത്തിയിരുന്നു. അന്ന് പാർട്ടി ഉന്നതാധികാര സമിതി എടുത്ത തീരുമാന പ്രകാരം കേരളത്തിൽ നടത്തിയ യു.പി, മംഗലാപുരം സഹായ ഫണ്ടിൽ നിന്നാണ് തുക വിതരണം ചെയ്തത്. ധനസഹായ വിതരണ പരിപാടിയില്‍ ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി അദ്ധ്യക്ഷത വഹിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ, ട്രഷറർ പി.വി അബ്ദുൾ വഹാബ് എം.പി, കേരള സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് , നവാസ് ഗനി എം.പി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ധനസഹായ വിതരണം നടന്നത്. മുസ്‍ലിം ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ: ഇഖ്ബാൽ അഹമ്മദ് സ്വാഗതമാശംസിച്ചു.

മുദ്രാവാക്യം വിളികളോടെയാണ് ചടങ്ങിനെത്തിയ നേതാക്കളെ മീററ്റിലെ മുസ്ലിം ലീഗ് പ്രവർത്തകർ സ്വീകരിച്ചത്.യോഗി പൊലീസ് കൊന്നു തള്ളിയ മനുഷ്യരുടെ കുടുംബത്തിന്റെ കൂടെ മുസ്‍ലിം ലീഗുണ്ടെന്ന് ദേശീയ പ്രസിഡണ്ട് ഖാദർ മൊയ്തീൻ പറഞ്ഞു. യു.പി പൊലീസിന്റെ ഭരണകൂട ഭീകരത മുസ്‍ലിം ലീഗ് ശക്തമായി പാർലമെന്റിലും മനുഷ്യാവകാശ കമ്മീഷന്റെ മുന്നിലും എത്തിച്ചിരുന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ഡൽഹി കലാപത്തിലെ ഇരകൾക്കു വേണ്ടിയും മുസ്‍ലിം ലീഗ് ആവുന്നതൊക്കെ ചെയ്തു വരികയാണ്. രാജ്യമാകെ അശാന്തി വിതക്കാനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നത്. കരിനിയമങ്ങളിലൂടെ ഒരു വിഭാഗത്തിന് പൗരാവകാശങ്ങൾ നിക്ഷേധിക്കാനുള്ള നീക്കം അനുവദിക്കുന്ന പ്രശ്നമില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്‍ലിം ലീഗ് ദേശീയ സെക്രട്ടറി ഖുർറം അനീസ് ഉമർ, മുസ്‍ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ സുബൈർ, വൈസ് പ്രസിഡണ്ട് അഡ്വ: വി കെ ഫൈസൽ ബാബു, യു.പി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് സുബൈർ, മുസ്‍ലിം ലീഗ് എക്സിക്യുട്ടീവ് അംഗം മതീൻ ഖാൻ, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ട് പി.വി അഹമ്മദ് സാജു, സിറാജുദീൻ നദ്‍വി, യൂത്ത് ലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗം ഷിബു മീരാൻ, എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് കൈസർ അബ്ബാസ്, മീററ്റ് സിറ്റി മുസ്‍ലിം ലീഗ് പ്രസിഡണ്ട് ഇദ്രീസ് മുഹമ്മദ്, കാൺപൂർ ജില്ലാ പ്രസിഡണ്ട് ഇർഫാൻ ഖാൻ തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here