തിരുവനന്തപുരം: (www.mediavisionnews.in) കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ സംസ്ഥാനത്ത് മാസ്കുകളും ഹാന്‍ഡ് സാനിറ്റൈസറുകളും കിട്ടാനില്ലാത്ത അവസ്ഥ. ഇതോടെ ടവൽ വാങ്ങാനെത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.
മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ ആവശ്യകതയനുസരിച്ച് ഉല്‍പാദനം നടക്കാത്തതാണ് മാസ്‌കുകളുടെ പ്രതിസന്ധിക്കു കാരണം. മുന്‍കൂര്‍ പണം അടച്ചിട്ടും സാധനങ്ങൾ ലഭിക്കുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.
ആശുപത്രികളില്‍ പ്രധാനമായും ഉപയോഗിക്കുന്നത് എന്‍ 95, ത്രീ ലെയര്‍ മാസ്‌കുകളാണ്. പലയിടങ്ങളിലും ഇവ ലഭിക്കുന്നില്ല. രോഗബാധിതരും നിരീക്ഷണത്തിലുള്ളവരും ഡോക്ടര്‍മാരും നഴ്‌സുമാരും ധരിക്കുന്നത് എന്‍ 95 മാസ്‌ക് ആണ്. കട്ടിയേറിയ ആവരണങ്ങളാലാണ് ഇവ നിര്‍മിക്കുന്നത്.
സാധാരണ അവസ്ഥയില്‍ 3 ലെയര്‍ സര്‍ജിക്കല്‍ മാസ്‌ക് മതിയാകും. എന്നാൽ നിലവിൽ ഇതും കിട്ടാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളത്.
മാസ്‌ക് ക്ഷാമമുണ്ടായതോടെ ഉള്ള കടകളില്‍ വിലയും കുത്തനെ ഉയര്‍ന്നു. 4 രൂപ വിലയുണ്ടായിരുന്ന 2 ലെയര്‍ മാസ്‌കുകള്‍ക്ക് 10-12 രൂപയാണ് ഇപ്പോള്‍ വില. 10 രൂപയുടെ 3 ലെയര്‍ മാസ്‌കിന് 24 രൂപ വരെ വിലയായി.
40 രൂപ വിലയുണ്ടായിരുന്ന എന്‍ 95 മാസ്‌കുകള്‍ക്ക് 80 മുതല്‍ 200 രൂപ വരെ വിലയുണ്ട്. ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ 500- 1000 രൂപ വരെയാണ് എന്‍ 95 മാസ്‌കിന്റെ വില.
ഹാന്‍ഡ് സാനിറ്റൈസറുകള്‍ക്കും ക്ഷാമമുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഉള്‍പ്പെടെ പരിമിതമായ സ്റ്റോക്ക് ആണുള്ളത്. ഇവയ്ക്ക് 400 മുതല്‍ 500 രൂപ വരെയാണ് ഇപ്പോള്‍ ഈടാക്കുന്നത്.
ചെറിയ കുപ്പികളിലുള്ള ഹാന്‍ഡ് സാനിറ്റൈസറുകള്‍ക്ക് 60- 100 രൂപയാണു വില. കോവിഡ് ബാധിതനായ രോഗിയുമായി നേരിട്ട് അടുത്ത് ഇടപഴകുന്നവര്‍ മാത്രം എന്‍ 95 മാസ്‌ക് ഉപയോഗിച്ചാല്‍ മതി. മറ്റുള്ളവര്‍ക്ക് 3 ലെയര്‍ മാസ്‌ക് മതിയാകും.