മധ്യപ്രദേശ്: (www.mediavisionnews.in) മധ്യപ്രദേശിൽ കോണ്‍ഗ്രസ് എം.എല്‍.എമാരെ കടത്തിയ ബി.ജെ.പിക്ക് തിരിച്ചടി. മൂന്ന് ബി.ജെ.പി എം.എൽ.എമാർ ഇന്നലെ രാത്രി മുഖ്യമന്ത്രി കമൽനാഥിനെ കണ്ടു. ഇവര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹം ശക്തമാണ്.
ശരദ് കൌൾ, സഞ്ജയ് പഥക്, നാരായണ ത്രിപാഠി എന്നീ എം.എല്‍.എമാരാണ് കമല്‍നാഥുമായി കൂടിക്കാഴ്ച നടത്തിയത്. അതിനുശേഷം മൈഹാറിൽ നിന്നുള്ള നാരായണ ത്രിപാഠി നിയമസഭാംഗത്വം രാജിവച്ചെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യം എം.എല്‍.എ സ്ഥിരീകരിച്ചിട്ടില്ല. അപ്രതീക്ഷിത സംഭവ വികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൌഹാനും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും കൂടിക്കാഴ്ച നടത്തി. കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമാറിന്റെ ഡല്‍ഹിയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
അതേസമയം സിന്ധ്യ ക്യാമ്പിലെ 35 എം.എൽ.എമാർ കമൽനാഥ് സർക്കാരിനെ പിന്തുണക്കാൻ തയ്യാറല്ലെന്നും ഇതിന്റെ ഫലമായി സര്‍ക്കാര്‍ ന്യൂനപക്ഷമായി ചുരുങ്ങിയെന്നും ബി.ജെ.പി നേതാവ് ഹിതേഷ് ബാജ്‌പേയ് അവകാശപ്പെട്ടു. സര്‍ക്കാര്‍ ആദ്യം ആ സാഹചര്യം കൈകാര്യം ചെയ്യട്ടെ. തങ്ങളുടെ എം.എല്‍.എമാര്‍ ഒരുമിച്ച് നില്‍ക്കുമെന്നും ഹിതേഷ് ബാജ്‌പേയ് പറഞ്ഞു.
ബി.ജെ.പി തങ്ങളുടെ എം.എൽ.എമാരിൽ ചിലരെ തട്ടിക്കൊണ്ടുപോയതായി കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കുകയുണ്ടായി. എം.എല്‍.എമാരെ ബംഗളൂരുവിലേക്കോ ചിക്മംഗലൂരിലേക്കോ കൊണ്ടുപോയെന്നാണ് കോണ്‍ഗ്രസ് ആരോപണം. അവരില്‍ ഒരാളായ ഹര്‍ദീപ് സിങ് മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും രാജിക്കത്ത് അയച്ചു. ബിസാഹുലാൽ സിങ്, രഘുരാജ് കൻസാന, സ്വതന്ത്ര എം.എൽ.എ താക്കൂർ സുരേന്ദ്ര സിങ് എന്നിവരെയും കാണാനില്ല. മാർച്ച് 3 അർദ്ധരാത്രി മുതലാണ് ഇവരെ കാണാതായത്. ബിസാഹുലാൽ സിങിന്റെ കുടുംബം അദ്ദേഹത്തെ കാണാനില്ലെന്ന് പരാതി നല്‍കിയിട്ടുണ്ട്.