ദില്ലി: (www.mediavisionnews.in) മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിന്‍റെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലാക്കി നാടകീയ നീക്കങ്ങൾ. എട്ട് ഭരണകക്ഷി എംഎൽഎമാരെ ദില്ലി – ഹരിയാന അതിർത്തിയിലുള്ള ഗുരുഗ്രാമിലെ ഹോട്ടലിൽ തടങ്കലിലാക്കിയിരിക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. ബിജെപിയിലെ ‘ശക്തനായ ഒരു മുൻമന്ത്രി’യാണ് ഇതിന് പിന്നിൽ എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. മുൻ മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാനെയും മുൻ ബിജെപി മന്ത്രിയും നിലവിൽ എംഎൽഎയുമായ നരോത്തം മിശ്രയെയും ഉന്നമിട്ടാണ് കോൺഗ്രസിന്‍റെ ആരോപണം ആരോപണം. കോൺഗ്രസിലെ നാല് എംഎൽഎമാരും സർക്കാരിനെ താങ്ങി നിൽക്കുന്ന നാല് സ്വതന്ത്രരുമാണ് ഗുരുഗ്രാമിലെ പഞ്ചനക്ഷത്രഹോട്ടലിലുള്ളത്.
എംഎൽഎമാരിൽ ഒരാളായ ബിസാഹുലാൽ സിംഗാണ് തന്നെ ഈ വിവരം വിളിച്ചറിയിച്ചതെന്ന് മധ്യപ്രദേശ് മന്ത്രി തരുൺ ഭാനോട്ട് പറയുന്നു. ഗുരുഗ്രാമിലെ ഐടിസി മറാത്ത ഹോട്ടലിൽ തന്നെ തടഞ്ഞുവച്ചിരിക്കുകയാണെന്നും, പുറത്തേക്ക് പോകാൻ വിടുന്നില്ലെന്നും ബിസാഹുലാൽ സിംഗ് പറഞ്ഞതായും തരുൺ ഭാനോട്ട് ആരോപിച്ചു. ഫോൺ കോൾ കിട്ടിയതിന് പിന്നാലെ മധ്യപ്രദേശിലെ രണ്ട് മന്ത്രിമാർ ഉടനടി ഹോട്ടലിലെത്തിയെങ്കിലും അകത്തേക്ക് കയറാൻ അനുമതി പോലും നൽകാതെ തടയുകയായിരുന്നെന്നും തരുൺ ഭാനോട്ട് ആരോപിച്ചു.
”ഹരിയാനയിൽ ബിജെപി സർക്കാരാണ് എന്നതുകൊണ്ടുതന്നെ, അവർക്കവിടെ എന്തുമാകാമല്ലോ. ഞങ്ങളുടെ മന്ത്രിമാരായ ജയ്‍വർദ്ധൻ സിംഗും ജീതു പട്‍വാരിയുമാണ് ഹോട്ടലിലെത്തിയത്. ബിജെപി എംഎൽഎ നരോത്തം മിശ്രയും അനുയായികളും അവരെ അവിടെ തടയുകയാണ്”, എന്ന് തരുൺ ഭാനോട്ട്.
തന്‍റെ സർക്കാരിനെ അടിതെറ്റിക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും, എംഎൽഎമാർക്ക് കോഴ നൽകി ചാക്കിട്ട് പിടിക്കാൻ ശ്രമിക്കുന്നുണ്ടെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‍വിജയ് സിംഗ് ആരോപിച്ചതിന് തൊട്ടുപിറ്റേന്നാണ് ഈ നാടകീയ നീക്കങ്ങൾ എന്നതും ശ്രദ്ധേയമാണ്. ബിജെപി നേതാക്കളുടെ പേരെടുത്ത് ആരോപണമുന്നയിച്ചു ദിഗ്‍വിജയ് സിംഗ്. മുൻ മുഖ്യമന്ത്രി ശിവരാജ് ചൗഹാനും നരോത്തം മിശ്രയും കോൺഗ്രസ് എംഎൽഎമാർക്ക് ഓരോരുത്തർക്കും 25 മുതൽ 35 കോടി രൂപയാണ് വാഗ്ദാനം ചെയ്യുന്നത് എന്നാണ് ദിഗ്‍വിജയ് സിംഗ് തുറന്നടിച്ചത്.
കഴിഞ്ഞ വർഷം ജൂലൈയിൽ മധ്യപ്രദേശിലെ പ്രതിപക്ഷനേതാവും ബിജെപി എംഎൽഎയുമായ ഗോപാൽ ഭാർഗവ കമൽനാഥ് സർക്കാരിനെ താഴെ വീഴ്‍ത്തുമെന്ന് തുറന്ന ഭീഷണി മുഴക്കിയിരുന്നതാണ്. മധ്യപ്രദേശ് നിയമസഭയിൽ ക്രിമിനൽ നിയമഭേദഗതി വോട്ടിനിട്ട് പാസ്സാക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പായിരുന്നു ഭീഷണി. ”ഞങ്ങളുടെ മുകളിലുള്ള നമ്പർ 1-ഓ നമ്പർ 2-വോ ഒന്ന് ഉത്തരവിട്ടാൽ മതി, നിങ്ങളുടെ സർക്കാർ 24 മണിക്കൂർ പോലും തികയ്ക്കില്ല”, എന്നായിരുന്നു ഗോപാൽ ഭാർഗവ വെല്ലുവിളിച്ചത്.
ജൂലൈ 24-ന്, 231 അംഗ മധ്യപ്രദേശ് നിയമസഭയിൽ 122 വോട്ടുകൾ നേടി കമൽനാഥ് സർക്കാർ ആ ബില്ല് അന്ന് പാസ്സാക്കി. കേവലഭൂരിപക്ഷത്തേക്കാൾ ഏഴെണ്ണം കൂടുതൽ.
231 അംഗനിയമസഭയാണെങ്കിലും, രണ്ട് എംഎൽഎമാർ മരിച്ചതിനാൽ, നിലവിൽ 228 അംഗങ്ങൾ മാത്രമാണ് നിയമസഭയിലുള്ളത്. ഇതിൽ കോൺഗ്രസിന്‍റെ അംഗബലം 114 ആണ്. ബിജെപി 107. ബാക്കിയുള്ള ഒമ്പത് സീറ്റുകളിൽ രണ്ടെണ്ണം ബിഎസ്‍പിയുടേതാണ്. എസ്‍പിക്ക് ഒരു എംഎൽഎയുണ്ട്. ഇപ്പോൾ പഞ്ചനക്ഷത്രഹോട്ടലിലുള്ള നാല് സ്വതന്ത്രരാണ് ബാക്കിയുള്ളവർ.