ഉപ്പള: (www.mediavisionnews.in) മംഗൽപ്പാടി താലൂക്ക് ആശുപത്രിയിൽ ഐസുലേഷൻ സംവിധാനം ഒരുക്കാൻ സാധ്യത. ജില്ലയിൽ കൊവിഡ് 19 രോഗബാധിതരുടെയും നിരീക്ഷത്തിൽ കഴിയേണ്ടവരുടെയും എണ്ണം ക്രമാതീതമായി വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഏറെ സൗകര്യപ്രദമായ മംഗൽപ്പാടി താലൂക്ക് ആശുപത്രിയിൽ ഐസുലേഷൻ വാർഡാക്കാനുള്ള നീക്കം നടക്കുന്നത്. രോഗികൾക്കും നിരീക്ഷണത്തിൽ കഴിയേണ്ടയാളുകൾക്കും ഇവിടെ മെച്ചപ്പെട്ട സേവനം നൽകാനാവശ്യമായ സൗകര്യം നിലവിലുണ്ട്.
വിവിധസന്നദ്ധ സംഘടനകൾ നേരത്തെ ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇക്കാര്യം മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്റഫ്, മംഗൽപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഷാഹുൽ ഹമീദ് എന്നിവർ എം.സി ഖമറുദ്ധീൻ എം.എൽ.എ മുഖേന വിഷയം ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് ഉടൻ നടപടിയുണ്ടാകുമെന്നാണ് കരുതുന്നത്. ദേശിയ പാതയോരത്തുള്ള മംഗൽപ്പാടി താലൂക്ക് ആശുപത്രിയിൽ ഐസുലേഷൻ വാർഡാക്കി മാറ്റിയാൽ രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും ഏറെ സൗകര്യ പ്രദമാകും.