ന്യൂഡല്‍ഹി: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധത്തിന്റെ ഭാഗമായി മംഗളൂരിലെ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകര്‍ക്ക് കര്‍ണാടക ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി സ്റ്റേചെയ്തു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്.
22 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ജാമ്യമാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് എതിരായ തെളിവുകള്‍ കര്‍ണാടക ഹൈക്കോടതി പരിഗണിച്ചില്ലെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.
പോലിസിന്റെ അതിക്രമം മറയ്ക്കാന്‍ നിരപരാധികള്‍ക്കെതിരേ കള്ളക്കേസ് എടുക്കുകയാണോ എന്ന് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു കൊണ്ട് നേരത്തെ കര്‍ണാടക ഹൈക്കോടതി ആരാഞ്ഞിരുന്നു. പ്രതികള്‍ക്കെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസിന് സാധിച്ചില്ലെന്നും ജാമ്യം അനുവദിച്ചുകൊണ്ട് കര്‍ണാടക ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.