ദില്ലി (www.mediavisionnews.in): പേടിഎം ജീവനക്കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഓഫീസുകൾ താത്കാലികമായി അടച്ചിടാൻ തീരുമാനം. നോയിഡയിലെയും ഗുരുഗ്രാമിലെയും ഓഫീസുകളാണ് താത്കാലികമായി അടച്ചിടുന്നത്. ഇറ്റലി സന്ദർശിച്ച ജീവനക്കാരനാണ് കൊറോണ ബാധിച്ചത്.
കോവിഡ് 19 ബാധയെ തുടർന്ന് രാജ്യതലസ്ഥാനത്ത് ഉയർന്ന മുൻകരുതലാണ് സ്വീകരിക്കുന്നത്. ഹോളി അടുത്തിരിക്കെ ആഘോഷ ഒഴിവാക്കാൻ രാഷ്ട്രപതി ഭവനും ദില്ലി സർക്കാരും തീരുമാനിച്ചിട്ടുണ്ട്. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആവശ്യപ്പെട്ടു. ഹോളി ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നേരത്തെ അറിയിച്ചിരുന്നു.
കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ഇറ്റലിയില്‍ നിന്ന് അടുത്തിടെ മടങ്ങിയെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും പരിശോധനയ്ക്ക് വിധേയമാക്കണമെന്നും മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം വിലക്കണമെന്നും ബിജെപി എംപി രമേശ് ബിധുരി ആവശ്യപ്പെട്ടു.
രാജ്യത്ത് ഇതുവരെ 28 പേര്‍ക്കാണ് കൊവിഡ്19 വൈറസ് സ്ഥിരീകരിച്ചത്. ഇവരില്‍ 14 പേര്‍ ഇറ്റാലിയന്‍ വിനോദസഞ്ചാരികളാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇന്ത്യയിലെത്തിയ ഇറ്റാലിയന്‍ വംശജര്‍ക്കൊപ്പമുണ്ടായിരുന്ന ഒരു ഇന്ത്യന്‍ വംശജനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ ചാവ്ള ഐടിബിപി ക്യാപിലേക്ക് മാറ്റി