പുറത്താക്കപ്പെടുന്ന എട്ട് കോടി ജനങ്ങള്‍ എന്തുചെയ്യും, എന്‍.പി.ആറില്‍ കേരളത്തിന്റെ നയമാണ് സ്വീകരിക്കേണ്ടത്: അസദുദ്ദിന്‍ ഉവൈസി

0
191

ഹൈദരാബാദ് (www.mediavisionnews.in): ദേശീയ പൗരത്വ പട്ടിക രാജ്യത്ത് നടപ്പാക്കിയാല്‍ 8 കോടി ജനങ്ങള്‍ പട്ടികയ്ക്ക് പുറത്ത്‌പോകുമെന്ന് എ.ഐ.എം.ഐ.എം അസദുദ്ദിന്‍ ഉവൈസി. ദേശിയ ജനസംഖ്യാ പട്ടികയില്‍ കേരളം സ്വീകരിച്ച സമീപനമാണ് വേണ്ടതെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു.

” രാജ്യത്ത് എന്‍.ആര്‍.സി നടപ്പാക്കിയാല്‍ എട്ട്‌കോടി ജനങ്ങള്‍ പട്ടികയ്ക്ക് പുറത്താകുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. അവരൊക്കെ എങ്ങോട്ട് പോകും ?
കേരളം എന്‍.പി.ആര്‍ നിര്‍ത്തിവെച്ചതു പോലെ ആന്ധ്രപ്രദേശിലും നിര്‍ത്തിവെക്കണം. മുസ്‌ലിങ്ങള്‍ക്കും ദളിതര്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും മാത്രമല്ല രാജ്യത്തെ എല്ലാ ദരിദ്രര്‍ക്കുമെതിരാണിത്” അദ്ദേഹം പറഞ്ഞു.

ടാഡയെക്കാളും പോട്ടയെക്കാളും ഭീകരമാണ് എന്‍.ആര്‍.സിയും എന്‍.പി.ആറെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

ദേശീയ ജനസംഖ്യ പട്ടികയ്ക്ക് സ്റ്റേ കൊണ്ടുവരണമെന്ന് ഉവൈസി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗമോഹന്‍ റെഡ്ഡിയോട് ആവശ്യപ്പെട്ടു.
” ഏപ്രില്‍ ഒന്നുമുതല്‍ തുടങ്ങാന്‍ പോകുന്ന എന്‍.പി.ആര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് മുഖ്യമന്ത്രി റെഡ്ഡിയോട് അഭ്യര്‍ത്ഥിക്കുന്നു. അദ്ദേഹത്തിന്റെ പിതാവ് രാജശേഖര്‍ റെഡ്ഡി ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം എന്‍.പി.ആര്‍ നിര്‍ത്തിവെക്കുമായിരുന്നു,”അദ്ദേഹം പറഞ്ഞു.

എന്‍.പി.ആറും എന്‍.ആര്‍.സിയും തമ്മില്‍ വ്യത്യാസമില്ലെന്നും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിയുടെയും പ്രധാനമന്ത്രിയുടെയും സമ്മര്‍ദ്ദത്തിന് കീഴ്‌പ്പെട്ട് എന്‍.പി.ആര്‍.നടപ്പാക്കാനാണ് മുഖ്യമന്ത്രിയുടെ ഉദ്ദേശ്യമെങ്കില്‍ തങ്ങളത് ബഹിഷ്‌ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്‍.ആര്‍.സിയില്‍ നിന്ന് പുറത്തായ മുസ്‌ലിങ്ങള്‍ അല്ലാത്ത 13 ലക്ഷം ആളുകള്‍ക്ക് സി.എ.എയുടെ പേര് പറഞ്ഞ് പൗരത്വം കൊടുക്കകയാണ് ബി.ജെ.പിയുടെ ആവശ്യമെന്നും ഉവൈസി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here