മുംബൈ (www.mediavisionnews.in): മഹേന്ദ്ര സിംഗ് ധോണി ഇന്ത്യന്‍ ടീമിലേക്ക് എന്ന് തിരിച്ചുവരും എന്ന് കാത്തിരിക്കുന്ന ആരാധകര്‍ക്ക് ഉത്തരവുമായി വീണ്ടും ബിസിസിഐ വൃത്തങ്ങള്‍. പുതിയ സെലക്ഷന്‍ കമ്മിറ്റി ചുമതലയേറ്റെടുത്തെങ്കിലും മുന്‍ നായകനോടുളള നിലപാടില്‍ യാതൊരു മാറ്റവും ഇല്ലെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ അറിയ്ക്കുന്നത്.
ഐപിഎല്ലില്‍ ധോണിയില്‍ നിന്ന് വരുന്ന പ്രകടനത്തിന്റെ അടിസ്ഥാനത്തിലാവും ഇന്ത്യയുടെ മുന്‍ നായകന്‍ ട്വന്റി20 ലോകപ്പും ഇന്ത്യന്‍ ജെഴ്‌സിയും അണിയുകയെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നത്.
സുനില്‍ ജോഷിയുടെ നേതൃത്വത്തിലുള്ള പുതിയ സെലക്ഷന്‍ കമ്മറ്റിയും ധോണിയുടെ കാര്യത്തില്‍ എംഎസ്‌കെ പ്രസാദ് അധ്യക്ഷനായ സമിതി എടുത്ത തീരുമാനം തന്നെയാണ് പിന്തുടരുന്നത്. ധോണിക്ക് അപ്പുറമുള്ള ടീമിനെയാണ് മുന്‍പില്‍ കാണുന്നതെന്നും, ടീമില്‍ ഇടം കണ്ടെത്തുന്നതിന് ധോണി കളിക്കളത്തില്‍ ഇനി മികവ് കാണിക്കണമെന്നുമാണ് എംഎസ്‌കെ പ്രസാദ് നിലപാടെടുത്തിരുന്നത്.
ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കുമ്പോള്‍ ധോനിയുടെ കാര്യം പരിഗണനക്ക് വന്നില്ല. ഐപിഎല്ലില്‍ മികവ് കാണിച്ചാല്‍ മാത്രമാകും ധോണിക്ക് ടീമിലേക്ക് മടങ്ങി എത്താനാവുക.