പുകവലിക്കുന്നവരില്‍ കോവിഡ് രോഗസാധ്യത കൂടുതലാണോ?

0
270

കൊച്ചി (www.mediavisionnews.in):  രണ്ടു രീതിയിലാണ് പുകവലിയും കൊവിഡ്19 രോഗവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത്.

1.പുകവലി കാരണം തന്നെ രോഗം പടരാനുള്ള സാധ്യത കൂടുന്നു

2️.രോഗം പിടിപെട്ടുകഴിഞ്ഞാൽ അത് സങ്കീർണമാകാനുള്ള സാധ്യത പുകവലിക്കുന്നവരിൽ കൂടുതലാണ്

പുകവലിക്കുന്നവരിൽ രോഗം പടരാനുള്ള സാധ്യത കൂടുന്നതും രണ്ട് കാരണങ്ങൾ കൊണ്ടാണ്.

♦️നമുക്കറിയാം വൈറസുള്ള പ്രതലങ്ങളിൽ സ്പർശിച്ച കൈകൊണ്ട് വായിലോ മൂക്കിലോ കണ്ണിലോ തൊട്ടാൽ രോഗസാധ്യതയുണ്ടെന്നുള്ള കാര്യം. പുകവലിക്കുന്നയാളുടെ വിരലുകൾ ചുണ്ടുകളിൽ സ്പർശിക്കുന്നത് സാധാരണമാണ്. ആ കയ്യിൽ അണുബാധ ഉണ്ടായിട്ടുണ്ടെങ്കിൽ രോഗബാധയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്.

♦️രണ്ടാമത്, സിഗരറ്റ് ഷെയർ ചെയ്യുന്നതിലൂടെയാണ്. സിഗരറ്റ് ഷെയർ ചെയ്ത് വലിക്കുമ്പോൾ ആർക്കെങ്കിലും ഒരാൾക്ക് രോഗമുണ്ടെങ്കിൽ മറ്റൊരാളിലേക്ക് പകരാൻ വലിയ സാധ്യതയുണ്ട്. പുകവലിക്കാനുപയോഗിക്കുന്ന പൈപ്പുകൾ ഷെയർ ചെയ്യുന്നതും ഇതുപോലെ തന്നെ.

പുകവലി നമ്മുടെ ശ്വാസകോശത്തിനും ഹൃദയത്തിനും രക്തക്കുഴലുകൾക്കും എല്ലാം ദോഷകരമാണെന്ന കാര്യം നമുക്കറിയാം. സ്ഥിരമായി പുകവലിക്കുന്ന ഒരാളുടെ ശ്വാസകോശത്തിൻ്റെ കപ്പാസിറ്റി മറ്റുള്ളവരിൽ നിന്ന് വളരെ കുറവായിരിക്കും. അവർക്ക് COPD പോലുള്ള രോഗങ്ങൾ വന്നിട്ടുണ്ടാവാം. ശ്വാസകോശാർബുദം ഉണ്ടാവാം. ഹൃദയസംബന്ധമായതോ രക്തക്കുഴലുമായി ബന്ധപ്പെട്ടതോ ആയ രോഗങ്ങൾ നേരത്തേ തന്നെ ഉണ്ടായിരിക്കാം.

കൊവിഡ് രോഗാണുവും ശ്വാസകോശത്തെയും ഹൃദയത്തെയും നേരിട്ട് ബാധിക്കുന്ന വൈറസാണ്. മേൽപ്പറഞ്ഞ പ്രശ്നങ്ങൾ ഉള്ളവരിൽ രോഗം വന്നുകഴിഞ്ഞാൽ ഹൃദയത്തിൻ്റെയും ശ്വാസകോശത്തിൻ്റെയും പ്രവർത്തനം വളരെ വേഗം മന്ദീഭവിക്കാൻ സാധ്യതയുണ്ട്. ഇത് കൊവിഡ് രോഗം ഗുരുതരമാകാനും നേരത്തേയുള്ള പ്രശ്നങ്ങൾ അതിവേഗം മൂർച്ഛിക്കാനും ഇടയാക്കും. അങ്ങനെയുള്ളപ്പോൾ രോഗിയുടെ അവസ്ഥ പെട്ടന്ന് സങ്കീർണമാകുകയും വെൻ്റിലേറ്റർ സഹായമൊക്കെ വേണ്ടി വരികയും മരണസാധ്യത വർദ്ധിക്കുകയും ചെയ്യും.അതുകൊണ്ട് തന്നെ സ്ഥിരമായി പുകവലിക്കുന്നവർ കൊവിഡ് രോഗം തങ്ങൾക്ക് കിട്ടാതിരിക്കാനുള്ള എല്ലാ മാർഗങ്ങളും സ്വീകരിക്കണം.

♦️ഏറ്റവും നല്ല പ്രതിരോധമെന്ന് പറയുന്നത്, സാമൂഹിക അകലം പാലിക്കുകയും കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുകയുമൊക്കെയാണ്.

♦️രോഗസാധ്യതയുള്ള ആളുകളോട് ഒരു കാരണവശാലും ഇടപഴകാൻ പാടില്ല.

♦️പിന്നെ, ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾ കഴിക്കുന്നവർ അതു മുടങ്ങാതെ കൃത്യമായി കഴിച്ചു കൊണ്ടിരിക്കണം.

മാത്രമല്ലാ, പുകവലി നിർത്തുന്നതിനും ഏറ്റവും നല്ല സമയവും സാഹചര്യവും ഇതാണ്. ഒരു സുവർണാവസരം എന്ന് വേണമെങ്കിൽ പറയാം. അത് പരമാവധി പ്രയോജനപ്പെടുത്തുക. സൗഹൃദ സംഘങ്ങളിൽ പുകവലിശീലമുള്ളവരെ അതിനായി പ്രചോദിപ്പിക്കാനും ഈ സമയം നമുക്ക് ഉപയോഗപ്പെടുത്താം.

കടപ്പാട്: ഡോ. മനോജ് വെള്ളനാട്(ഇന്‍ഫോക്ലിനിക്)

LEAVE A REPLY

Please enter your comment!
Please enter your name here