പച്ചക്കറിക്ക് ഉയർന്ന വില ഈടാക്കി; വ്യാപാര സ്ഥാപനം അടപ്പിച്ച് പൊലീസും പഞ്ചായത്ത് അധികൃതരും

0
172

ഇടുക്കി (www.mediavisionnews.in) : നെടുങ്കണ്ടത്ത് പച്ചക്കറിയ്ക്ക് ഉയര്‍ന്ന വില ഈടാക്കിയ വ്യാപാര സ്ഥാപനം അടപ്പിച്ചു. 15 മുതല്‍ 20 രൂപ അധികം ഈടാക്കിയാണ് വിവിധ ഇനം പച്ചക്കറികള്‍ സ്ഥാപനത്തില്‍ നിന്നും വിറ്റിരുന്നത്. പഞ്ചായത്തിന്റെ ലൈസിന്‍സില്ലാതെ അനധികൃതമായാണ് ഈ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്നാണ് വിവരം.

നെടുങ്കണ്ടം സെന്‍ട്രല്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന പിആര്‍എസ് വെജിറ്റബിള്‍സ് എന്ന കടയാണ് അടപ്പിച്ചത്. സ്ഥാപനത്തില്‍ നിന്നും പച്ചക്കറിയ്ക്ക് ഉയര്‍ന്ന വില ഈടാക്കുന്നതായി നാട്ടുകാര്‍ പരാതി ഉന്നയിച്ചിരുന്നു. തുടര്‍ന്ന് നെടുങ്കണ്ടം പഞ്ചായത്ത് അധികൃതരും പൊലീസും സംയുക്തമായി പരിശോധന നടത്തുകയായിരുന്നു. ഉള്ളി, സവോള, തക്കാളി, ഉരുള കിഴങ്ങ് തുടങ്ങി വിവിധ ഇനം പച്ചക്കറികള്‍ക്ക് സ്ഥാപന ഉടമ അമിത വിലയാണ് ഈടാക്കിയത്. 

15 മുതല്‍ 20 രൂപ വരെ അധികമായി ഈടാക്കിയാണ് വില്‍പന നടത്തിയിരുന്നത്. വില കൂടുതല്‍ ഈടാക്കരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം ഉണ്ടായിട്ടും ഇത് കാര്യമാക്കാതെയാണ് ഉടമ വില വര്‍ദ്ധനവ് സ്വയം ഏര്‍പ്പെടുത്തിയത്. തമിഴ്‌നാട് സ്വദേശിയായ സെന്തിലിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം പഞ്ചായത്തിന്റെ ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നത്. 

നെടുങ്കണ്ടം എസ് ഐ കെ. ദിലീപ് കുമാര്‍, പഞ്ചായത്ത് സെക്രട്ടറി എ.വി അജികുമാര്‍ എന്നിവര്‍ റെയ്ഡിന് നേതൃത്വം വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഷിഹാബ് ഈട്ടിക്കല്‍, ഷാജി പുതിയാപറമ്പില്‍ സംഘത്തിനൊപ്പമുണ്ടായിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here