പക്ഷിപ്പനി ശ്രദ്ധിക്കണം: ബുൾസ് ഐ കഴിക്കരുത്; കോഴി ബിരിയാണിയും കിട്ടാനില്ല

0
163

തിരുവനന്തപുരം (www.mediavisionnews.in) :പക്ഷിപ്പനിക്കു കാരണമായ വൈറസ് 60 ഡിഗ്രി ചൂടിൽ അര മണിക്കൂറിനുള്ളിൽ നശിച്ചു പോകുമെന്നതിനാൽ നന്നായി പാചകം ചെയ്ത മുട്ട, കോഴിയിറച്ചി എന്നിവ ഭക്ഷ്യയോഗ്യമാണെന്നു മൃഗസംരക്ഷണ ഡയറക്ടർ അറിയിച്ചു. ബുൾസ് ഐ പോലെ പകുതി വേവിച്ച മുട്ടയും മാംസവും കഴിക്കരുത്. പച്ച മാംസം കഷണങ്ങളാക്കാനും പാചകത്തിനും എടുത്താൽ കൈകൾ നന്നായി കഴുകണം.

അതേസമയം, കോഴിക്കോട് നഗരത്തിലെ ഹോട്ടലുകൾ കോഴി വിഭവങ്ങൾ വിളമ്പുന്നതു തൽക്കാലം നിർത്തി. പക്ഷിപ്പനിയെക്കുറിച്ചുള്ള പേടി തന്നെ കാരണം. നോൺ വെജിറ്റേറിയൻ ഹോട്ടലുകളിലെ പ്രധാന വിഭവമായ കോഴി ബിരിയാണി ഇപ്പോൾ എവിടെയും ഇല്ല. കോഴിയിറച്ചി ഇനി ഒരറിയപ്പുണ്ടാകും വരെ ഉപയോഗിക്കേണ്ടതില്ലെന്നാണു ഹോട്ടലുകാരുടെ തീരുമാനം.

കോഴിയിറച്ചി വിഭവങ്ങൾ ഇല്ലാതായതോടെ പല ഹോട്ടലുകളിലും കച്ചവടം പകുതിയിൽ താഴെയായി. ബിരിയാണി, അൽഫാം, ഷവായ, ബ്രോസ്റ്റഡ് ചിക്കൻ തുടങ്ങി എല്ലാം അപ്രത്യക്ഷമായി. ഹോട്ടലുകളിൽ എത്തുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. കച്ചവടം കുറഞ്ഞതു കാരണം ചില ഹോട്ടലുകൾ പൂട്ടിയിട്ടുമുണ്ട്.

ഇറച്ചിവിൽപന തടഞ്ഞതിനാൽ കോഴിക്കടകളും എല്ലാം പൂട്ടി. കോഴികളടക്കം പക്ഷികൾ ചത്തുവീഴാൻ തുടങ്ങിയതോടെ രോഗബാധയ്ക്കു സാധ്യതയുള്ള മേഖലകളിൽ വളർത്തുപക്ഷികളെ കൂട്ടമായി കൊന്നു കത്തിച്ചുകളയുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here