ഉപ്പള: (www.mediavisionnews.in) നിരോധനാജ്ഞയെ തുടർന്നുള്ള നിയന്ത്രണം പൊലിസ് കർശനമാക്കിയതോടെ അനാവശ്യമായി നിരത്തുകളിലും കവലകളിലും കറങ്ങി നടക്കുന്നവർക്കെതിരെ പൊലിസ് നിയന്ത്രണം കുപ്പിച്ചു. ഇതിന്റെ ഭാഗമായി മഞ്ചശ്വരം, കുമ്പള പൊലിസ് സ്റ്റേഷൻ പരിധിയിലെ മുഴുവൻ നഗരങ്ങളും ഗ്രാമ പ്രദേശത്തെ മുഴുവൻ കവലകളും പൂർണ്ണമായും പൊലിസ് നിയന്ത്രണത്തിലായി.
ഹോം ക്വാറന്റൈനിലായിരുന്ന ആൾ പുറത്തിറങ്ങി നടന്നതിനെ തുടർന്ന് മഞ്ചേശ്വരം പൊലിസ് കേസെടുത്തു. മഞ്ചേശ്വരം സ്വദേശി മുസ്തഫക്കെതിരെയാണ് കേസ്. നിരീക്ഷണത്തിൽ കഴിയേണ്ട പലരും പുറത്തിറങ്ങുന്നതായുള്ള വിവരം വിവിധയിടങ്ങളിൽ പുറത്ത് വരികയാണ്. മഞ്ചേശ്വരം, കുമ്പള സ്റ്റേഷൻ പരിധിയിൽ കൂടുതൽ പൊലിസുകാരെ വിന്യസിച്ചതിനാൽ മഞ്ചേശ്വരം താലൂക്കിലെ പ്രധാന നഗരങ്ങളിലെല്ലാം പരിശോധനകൾ കർശനമാക്കി. നിരത്തിലിറങ്ങുന്ന ഓരോ വാഹനങ്ങളെയും മൂന്ന് പേരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തുന്നത്. രാവിലെ മുതൽ തന്നെ ഉപ്പള നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലയുറപ്പിച്ച പൊലിസ് അങ്ങിങ്ങായി ഒറ്റപ്പെട്ട് പോവുകയായിരുന്ന അന്യസംസ്ഥാന തൊഴിലാളികളെ വിരട്ടിയോടിച്ചു. ഇന്നലെ വൈകിട്ടോടെ കുമ്പള, ഉപ്പളയടക്കമുള്ള പ്രധാന നഗരങ്ങളിലെല്ലാം പൊലിസിനെ അല്ലാതെ മറ്റാരെയും കാണാൻ കഴിഞ്ഞില്ല. അതേ സമയം ഉപ്പള നഗരത്തിൽ ഒരു ഓൺലൈൻ മാധ്യമ പ്രവർത്തകനോട് പൊലിസ് അപമര്യാദയായി പെരുമാറിയത് പ്രതിഷേധത്തിനിടയാക്കി.