നാല് മുട്ടയുടെ വിലക്ക് ഒരു കിലോ കോഴി; കോഴിയുടെ വില 19 രൂപ

0
307

തൃശൂർ (www.mediavisionnews.in) : കടയിൽ നാലു കോഴിമുട്ട വാങ്ങാൻ പറഞ്ഞു വിട്ടാൽ ആരെങ്കിലും പകരം കോഴിയെ വാങ്ങിക്കൊണ്ടുവന്നാൽ  ഞെട്ടരുത്. കാരണം ഇന്നലെ തൃശൂരിൽ ചിലയിടത്ത് കോഴിയുടെ വില 19 രൂപ. നാലു മുട്ട വാങ്ങണമെങ്കിൽ രൂപ 20 കടക്കും! പക്ഷിപ്പനിയുടെ പശ്ചാത്തലത്തിൽ നാട്ടിലെങ്ങും കോഴിക്കു വില കുറഞ്ഞതോടെയാണ് മത്സരവും കടുത്തത്. ജില്ലയിലെ അരിമ്പൂർ സെന്ററിലാണ് ഇന്നലെ 19 രൂപയ്ക്കു കോഴിവിൽപന നടന്നത്. കിലോയ്ക്കു 45 രൂപയ്ക്കാണ് ഇന്നലെ കച്ചവടം തുടങ്ങിയത്.

പക്ഷേ, ചില കടകൾ തമ്മിൽ മത്സരം വന്നതോടെ അത് 35ലേക്കു താഴ്ന്നു. പിന്നെയത് മത്സരിച്ചു മത്സരിച്ചു കൂവി 19 രൂപയിലെത്തി. 19 രൂപ വിലയുള്ള കോഴി 10 രൂപ കട്ടിങ് ചാർജ് സഹിതം വിൽക്കുന്ന കൗതുകക്കാഴ്ചയ്ക്കും നാടു സാക്ഷിയായി. മിക്ക കോഴിക്കടകളിലും ഉച്ച കഴിഞ്ഞപ്പോൾ കച്ചവടം കഴിഞ്ഞു. കോഴി വ്യാപാരികളും കോഴിക്കർഷകരും നഷ്ടത്തിലേക്കു കൂപ്പുകുത്തുന്ന അവസ്ഥയാണിപ്പോൾ.

നൂറിനുമുകളിൽ വിലയുണ്ടായിരുന്ന കോഴിവിലയാണ് ഇപ്പോൾ ചിക്കിച്ചികഞ്ഞ് 50നു താഴെയെത്തിയത്. കിലോ 35 രൂപ വിലവരുന്ന കോഴിത്തീറ്റ ദിവസം 200 ഗ്രാമെങ്കിലും ഒരു കോഴിക്കു നൽകണം. അതായത് ഏഴു രൂപ ഒരു കോഴിക്ക് ഒരു ദിവസം ചെലവു വരും. അതിനാൽ കോഴികളെ എത്രയും വേഗം വിറ്റഴിച്ചു നഷ്ടം പരമാവധി ഒഴിവാക്കാൻ ഫാമുടമകൾ നടത്തുന്ന ശ്രമമാണു കോഴിക്കു വീണ്ടും വിലയിടിയാൻ കാരണം. 

കർഷകൻ 50 രൂപ കൊടുത്താണു കോഴിക്കുഞ്ഞിനെ വാങ്ങിയിരുന്നത്. ഇപ്പോൾ ആ വിലയ്ക്കു ഒരു കിലോയിലേറെ കോഴിയിറച്ചി കിട്ടുമെന്നതാണു സ്ഥിതി. ഇപ്പോഴും തമിഴ്നാട്, ആന്ധ്ര തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു കോഴികളെ എത്തിക്കുന്നുണ്ട്. ഇതു നിരോധിച്ചാൽ കേരളത്തിലെ കർഷകർക്കു താൽക്കാലികമായെങ്കിലും പിടിച്ചു നിൽക്കാം. കോഴിപ്പനി കോഴിക്കോടു മാത്രമാണെങ്കിലും അതിന്റെ ചിറകടിശബ്ദം മറ്റു ജില്ലകളിലേക്കും പടർന്നതാണു വിലയിടിയാൻ കാരണം. 

LEAVE A REPLY

Please enter your comment!
Please enter your name here