ബെംഗളൂരു: (www.mediavisionnews.in) മധ്യപ്രദേശ് പ്രതിസന്ധി പരിബഹരിക്കാന്‍ നേരിട്ടിടപെട്ട് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. ബെംഗളൂരുവില്‍ താമസിപ്പിച്ചിരിക്കുന്ന വിമത എം.എല്‍.എമാരെ കാണാന്‍ മധ്യപ്രദേശില്‍നിന്നുള്ള മന്ത്രിമാര്‍ക്കൊപ്പം ഡി.കെ ശിവകുമാറും എത്തി.
മധ്യപ്രദേശ് മന്ത്രിമാരായ ജീതു പത്വാരിയുടെയും ബലറാം ചൗധരിയുടെയും ഒപ്പമായിരുന്നു ഡി.കെ എത്തിയത്. മൂവരും സഹായം ആവശ്യപ്പെട്ട് എ.ഡി.ജി.പിയെ സമീപിച്ചു.
വിമത എം.എല്‍.എ മനോജ് ചൗധരിയുടെ പിതാവ് നാരായണ്‍ ചൗധരിയും സംഘത്തിനൊപ്പമുണ്ടായിരുന്നു. തന്റെ മകനെ കാണാന്‍ അനുമതി നല്‍കണമെന്ന് നാരായണ്‍ ചൗധരി പൊലീസിനോട് ആവശ്യപ്പെട്ടു. തന്റെ മകനെ ചിലര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയതാണെന്നും മകനെ കാണാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ പ്രതിസന്ധിയെ നേരിടാന്‍ അഹമ്മദ് പട്ടേലിനെയും ദിഗ് വിജയ സിങിനെയും ഡി.കെ ശിവകുമാറിനെയും കളത്തിലിറക്കാനാണ് കമല്‍നാഥിന്റെ തീരുമാനമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡി.കെയുടെ ഇടപെടല്‍.