ജ്യോതിരാദിത്യ സിന്ധ്യ മോദിയെ കാണുന്നു; ചങ്കിടിച്ച് കോണ്‍ഗ്രസ്, വീഴുമോ കമല്‍നാഥ്?

0
221

ന്യൂഡൽഹി: (www.mediavisionnews.in) കലങ്ങിമറിഞ്ഞ മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ നിര്‍ണായക നീക്കവുമായി ജ്യോതിരാദിത്യ സിന്ധ്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ജോതിരാദിത്യ സിന്ധ്യ കൂടിക്കാഴ്ച നടത്തുന്നു. സംസ്ഥാനത്ത് രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസിനു ചങ്കിടിപ്പേറ്റി സിന്ധ്യയുടെ നീക്കം. ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കൊപ്പമാണ് സിന്ധ്യ മോദിയുടെ വസതിയിലെത്തിയത്.

പാർട്ടിയിൽ കമൽനാഥിന്റെ മുഖ്യ എതിരാളിയാണു സിന്ധ്യ. ഈ മാസം അവസാനം നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഒന്നുകിൽ തനിക്കു സീറ്റ് നൽകണമെന്നും അല്ലെങ്കിൽ പാർട്ടി മധ്യപ്രദേശ് ഘടകത്തിന്റെ അധ്യക്ഷനാക്കണമെന്നുമാണ് സിന്ധ്യയുടെ ആവശ്യം. ഇതു രണ്ടും നിരസിച്ചാൽ കൂറുമാറി ബിജെപിയിൽ ചേരാൻ സിന്ധ്യ മടിക്കില്ല എന്നാണു സൂചന.

മുതിർന്നനേതാക്കൾക്ക് ആർക്കുംതന്നെ സിന്ധ്യയുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന് ‘സ്വൈൻ ഫ്ലൂ’ ആണെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നതെന്നും മുതിർന്ന നേതാവും എംപിയുമായ ദിഗ്‌വിജയ് സിങ് തിങ്കളാഴ്ച രാത്രി മാധ്യമങ്ങളോടു പറഞ്ഞു.

‘സിന്ധ്യയുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മധ്യപ്രദേശിലെ ജനവിധി അട്ടിമറിക്കാൻ ആരു ശ്രമിച്ചാലും അവർക്കു ജനങ്ങളിൽനിന്നുതന്നെ തിരിച്ചടി കിട്ടും’ – ദിഗ്‌വിജയ് സിങ് വ്യക്തമാക്കി.

സിന്ധ്യയെ അനുകൂലിക്കുന്ന 17 എംഎൽഎമാരാണു പാർട്ടിയിൽ കലഹമുണ്ടാക്കുന്നത്. ഇതിൽ ആറു മന്ത്രിമാരും ഉൾപ്പെടും. ഇവരെ ബിജെപി ഭരിക്കുന്ന കർണാടകയിലേക്കു മാറ്റിയെന്നാണു വിവരം. സിന്ധ്യ ഡൽഹിയിൽ ആണെന്നുമാണു റിപ്പോർട്ടുകൾ. ഇതേത്തുടർന്നു രാത്രി വൈകി കമൽനാഥിനു മന്ത്രിസഭായോഗം നടത്തേണ്ടി വന്നു. മന്ത്രിസഭ വികസിപ്പിക്കാൻ തീരുമാനമായി. കമൽനാഥിൽ വിശ്വാസം അർപ്പിച്ച് 22 മന്ത്രിമാർ രാജിവച്ചു.

അതേസമയം, തന്റെ സർക്കാരിനെ അട്ടിമറിക്കാനുള്ള അധാർമിക മാർഗമാണ് ബിജെപി നടത്തുന്നതെന്ന് കമൽനാഥ് ആരോപിച്ചു. അങ്ങനെ സംഭവിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയും തങ്ങളുടെ എംഎൽഎമാരെ ചൊവ്വാഴ്ച ഭോപാലിലേക്കു വിളിപ്പിച്ചിട്ടുണ്ട്. നിയമസഭാകക്ഷി നേതാവായി ശിവ്‌രാജ് സിങ് ചൗഹാനെ തിരഞ്ഞെടുത്തേക്കുമെന്നാണ് വിവരം. അതേസമയം, സർക്കാരിനെ താഴെയിറക്കാൻ തങ്ങളൊന്നും ചെയ്യുന്നില്ലെന്നും ഇതു കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും ചൗഹാൻ പ്രതികരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here