കാഞ്ഞങ്ങാട്: (www.mediavisionnews.in) ജില്ലാ ജയിലിൽ നിന്നു ഇനി സംഗീതവും കേൾക്കാം. ജയിൽ അന്തേവാസികളെ ഉൾപ്പെടുത്തി ഫ്രീഡം ബാൻഡ് ആരംഭിച്ചു. അന്തേവാസികളിൽ നന്നായി പാടുന്നവരെയും ജയിൽ ജീവനക്കാരെയും ഉൾപ്പെടുത്തിയാണ് ബാൻഡ് തുടങ്ങിയത്. ഇതോടൊപ്പം എല്ലാ മാസവും ഒരു ദിവസം ജയിലിൽ സംഗീത പരിപാടി നടത്താനും തീരുമാനിച്ചു. ജയിൽ അന്തേവാസികളുടെ മാനസിക സമ്മർദം ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് മ്യൂസിക് ബാൻഡ് രൂപീകരിച്ചത്. ജയിൽ വകുപ്പ് ഡിജിപിയുടെ നിർദേശവും മ്യൂസിക് ബാൻഡ് രൂപീകരിക്കുന്നതിന് പിന്നിലുണ്ട്. പുറമേ നടക്കുന്ന ബോധവൽക്കരണ പരിപാടികളിൽ സംഗീത ഗ്രൂപ്പിലെ ജയിൽ ജീവനക്കാരെ പങ്കെടുപ്പിക്കുമെന്ന ജയിൽ സൂപ്രണ്ട് കെ.വേണു പറഞ്ഞു. മ്യൂസിക് ബാൻഡ് ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് എം.സി.ആന്റണി ഉദ്ഘാടനം ചെയ്തു.
ജയിൽ സൂപ്രണ്ട് കെ.വേണു അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തിന് ശേഷം തടവുകാരായ ജിജു തോമസ‌്, കബീർ, നസീമ, റാണി, ജീവനക്കാരായ സി.വിനീത‌്, എം.നാരായണൻ, സജിത‌്, പ്രമീള പാട്ടുപാടി ഉദ്ഘാടനം കെങ്കേമമാക്കി. റോട്ടറി ക്ലബ് സെക്രട്ടറി വിനോദ് കുമാർ, കാഞ്ഞങ്ങാട് ലയൺസ് ക്ലബ് സെക്രട്ടറി ബാലകൃഷ്ണൻ നായർ, പ്രസ‌്ഫോറം സെക്രട്ടറി ടി.കെ.നാരായണൻ, അസിസ്റ്റന്റ് ജയിൽ സൂപ്രണ്ടുമാരായ പി.ഗോപാലകൃഷ്ണൻ, കെ.രമ മ്യൂസിക‌് ബാൻഡ് കോഓർഡിനേറ്റർ സി.വിനീത്, ഡപ്യൂട്ടി പ്രിസൺ ഓഫിസർമാരായ കെ.പി.ബിജു, പുഷ്പരാജ്, അസിസ്റ്റന്റ് ജയിൽ ഓഫിസർമാരായ കെ.വി.സജിത്ത്, ജയകൃഷ്ണൻ, ജോമോൻ, ജയകുമാർ, ധന്യ എന്നിവർ പ്രസംഗിച്ചു.