സൗദി: (www.mediavisionnews.in) കോവിഡ് 19 വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ജാഗ്രതയോടെ ഗൾഫ് രാജ്യങ്ങൾ. നാട്ടിൽ പോയി മടങ്ങിയെത്താൻ കഴിയാത്തവർക്ക് തിരിച്ചു വരുന്നതുവരെ ഔദ്യോഗിക അവധി നൽകും. ഐടി മേഖലയിലുള്ളവർക്ക് നാട്ടിലിരുന്നും ജോലി ചെയ്യാം.
സൗദിയിൽ കുടുങ്ങിയ സന്ദർശകർക്കു വിസാ കാലാവധി നീട്ടിനൽകും. രാജ്യം വിടാതെ തന്നെ വിസ പുതുക്കാം. ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള കപ്പൽ സർവീസുകളും നിർത്തി. ഇന്നു മുതൽ ഷോപ്പിംഗ് മാളുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, വാണിജ്യ സമുച്ചയങ്ങൾ എന്നിവ അടച്ചിടും.
ഗ്ലോബൽ വില്ലേജ് അടച്ചു
ദുബായ് ഗ്ലോബൽ വില്ലേജ് അടച്ചു. എല്ലാ പൊതുപരിപാടികളും മാറ്റി. പൈതൃക ചരിത്ര കേന്ദ്രങ്ങൾ, വായനാ സാലകള്‍, തീംപാർക്കുകൾ, ഉല്ലാസ കേന്ദ്രങ്ങൾ എന്നിവയും അടച്ചു. ഷാർജയിലെയും അജ്മാനിലെയും പാർക്കുകൾ, ഫുജൈറയിലെ ബീച്ചുകൾ, ജിംനേഷ്യം എന്നിവയും തുറക്കില്ല.
കുവൈറ്റിൽ കടകളും അടച്ചു
കുവൈറ്റിൽ വിമാനത്താവളങ്ങളും രാജ്യാന്തര അതിർത്തികളും അടഞ്ഞുകിടക്കുന്നു. പൊതുഗതാഗതമില്ല. ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെ മറ്റ് കടകൾ തുറക്കാൻ അനുവാദമില്ല. റസ്റ്റോറൻറുകളിലും കഫേകളിലും പാർസൽ മാത്രം. ഒരു സമയം അഞ്ചിലേറെ ഉപഭോക്താക്കൾ പാടില്ല. ക്യൂവിൽ ആളുകൾ തമ്മിൽ ഒരു മീറ്റർ അകലം വേണം. വിവാഹാഘോഷങ്ങൾ വീടുകളിലേ പാടുള്ളു. ബാർബർ ഷോപ്പുകൾ തുറക്കാൻ പാടില്ല. ഉല്ലാസ കോന്ദ്രങ്ങൾ അടയ്ക്കണം- തുടങ്ങിയ കർശന നിർദേശം നല്‍കിയിട്ടുണ്ട്.
ഇൻഡോർ സ്പോർട്സിനും വിലക്ക്
ബഹ്റൈനിൽ ഇൻഡോർ സ്പോര്‍ട്സുകൾക്കും വിലക്കുണ്ട്. ജിംനേഷ്യവും സ്വിമ്മിംഗ് പൂളുകളും പ്രവർത്തിക്കില്ല
ഖത്തറിൽ വിമാനത്തവളം അടക്കും
ഖത്തറിൽ ബുധനാഴ്ച മുതൽ വിമാനത്താവളങ്ങൾ അടച്ചിടും. 14 ദിവസത്തേക്കാണ് അടച്ചിടുന്നത്. പൊതുഗതാഗത സേവനങ്ങളും റദ്ദാക്കി.
ഒമാനിൽ സ്കൂളുകൾക്ക് അവധി
ഒമാനിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരുമാസത്തേക്ക് അടച്ചു. ക്രിസ്റ്റ്യൻ പള്ളികളിൽ ആരാധനയ്ക്ക് താത്കാലിക വിലക്ക്. അടുത്ത മാസം 15 വരെ പള്ളികൾ തുറക്കില്ല.