ബെയ്ജിങ് (www.mediavisionnews.in): കൊറോണ വൈറസ് പിടിപെട്ട് മരിച്ചവരുടെ എണ്ണം ചൈന മറച്ചുവയ്ക്കുന്നതായി റിപ്പോർട്ട്. 3,300 പേർ മരിച്ചുവെന്നാണ് ചൈനീസ് അധികൃതർ പറയുന്നത്. എന്നാൽ വുഹാനിൽമാത്രം കുറഞ്ഞത് 42,000 പേർ മരിച്ചെന്ന് പ്രദേശവാസികൾ പറയുന്നതായി ബ്രിട്ടിഷ് മാധ്യമം ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ വുഹാനിലുണ്ടായ വൈറസ് മൂലം 81,000 പേർക്കാണ് രോഗബാധയുണ്ടായിരിക്കുന്നതെന്നാണ് ചൈന വെളിപ്പെടുത്തിയത്. ഹുബെയ് പ്രവിശ്യയിൽമാത്രം 3,182 പേരാണ് മരിച്ചതെന്നും.
എന്നാൽ വുഹാനിലുള്ളവർ ഈ കണക്ക് തെറ്റാണെന്ന് പറയുന്നു. മരിച്ചവരുടെ മൃതദേഹം ദഹിപ്പിച്ചശേഷം ചിതാഭസ്മം ബന്ധുക്കൾക്കു വിട്ടുനൽകിയിരുന്നു. ദിവസവും 500 ചിതാഭസ്മ കലശങ്ങളാണ് അധികൃതർ വിട്ടുനൽകിയിരുന്നത്. വുഹാനിൽമാത്രം ഏഴ് ദഹിപ്പിക്കൽ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. അതായത് 24 മണിക്കൂറിനുള്ളിൽ 3,500 പേരുടെ ചിതാഭസ്മ കലശങ്ങൾ വിട്ടുകൊടുത്തുകൊണ്ടിരുന്നു.
ഹാൻകൗ, വുചാങ്, ഹൻയാങ് എന്നിവിടങ്ങളിലെ ദഹിപ്പിക്കൽ കേന്ദ്രങ്ങളിൽനിന്ന് ഏപ്രിൽ അഞ്ചിനു മുൻപായി ചിതാഭസ്മ കലശങ്ങൾ നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതായത് 12 ദിവസത്തിനിടയ്ക്ക് ആകെ 42,000 ചിതാഭസ്മ കലശങ്ങൾ വിട്ടുനൽകിയിട്ടുണ്ട്. നേരത്തേ, ഹാൻകുവിൽനിന്ന് 5000 കലശങ്ങൾ വിട്ടുനൽകിയതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.
50 ദശലക്ഷം പേർ തിങ്ങിപ്പാർക്കുന്ന പ്രവിശ്യ രണ്ടുമാസത്തെ ലോക്ഡൗണിനുശേഷം അടുത്തിടെയാണ് തുറന്നുകൊടുത്തത്. കൊറോണയില്ലെന്ന ഗ്രീൻ ഹെൽത് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാർച്ച് 25 മുതൽ പ്രവിശ്യ വിടാൻ അനുമതി കൊടുത്തിരുന്നു. ജനുവരി 23നാണ് ഹുബെയ് പ്രവിശ്യ അടച്ചിടാൻ തീരുമാനിച്ചത്. എന്നാൽ വുഹാനിനു പുറത്തേക്കുള്ള യാത്ര ഏപ്രിൽ എട്ടു വരെ വിലക്കിയിരുന്നത് നീക്കിയിട്ടില്ല.
കൊറോണ ബാധിച്ചാണ് മരണമെന്നുപോലും ഉറപ്പിക്കാനാകാതെ നിരവധിപ്പേർ വീടുകളിൽ മരിച്ചിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ഒരു മാസം 28,000 മൃതദേഹങ്ങളെങ്കിലും ദഹിപ്പിച്ചിട്ടുണ്ടാകാമെന്ന കണക്ക് അതിശയോക്തിയല്ലെന്നാണ് പ്രദേശവാസികൾ നൽകുന്ന സൂചന.