കൊല്‍ക്കത്ത (www.mediavisionnews.in): രാജ്യദ്രോഹികളെ വെടിവെച്ച് കൊല്ലണമെന്ന മുദ്രാവാക്യം മുഴക്കിയ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്‍ക്കത്തയില്‍ അറസ്റ്റില്‍. ഇന്നലെ ആഭ്യന്തര മന്ത്രി അമിത് ഷായുടെ റാലിയില്‍ ഗോലി മാരോ മുദ്രാവാക്യം മുഴക്കിയ ബി.ജെ.പി പ്രവര്‍ത്തകരെയാണ് കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത്.
അമിത് ഷായുടെ പ്രസംഗത്തിന് മുന്നോടിയായുള്ള റാലിക്കിടെ എസ്‌പ്ലനേഡിലെ മൈതാൻ മാർക്കറ്റിലൂടെ പോകുമ്പോഴാണ് ബി.ജെ.പി പ്രവർത്തകർ കൊലവിളി മുദ്രാവാക്യം വിളിച്ചത്. ‘ഗോബാക്ക് അമിത് ഷാ’ മുദ്രാവാക്യവുമായി ഇടത്, കോണ്‍ഗ്രസ് പ്രവര്‍ത്തകരുമെത്തി. പൊലീസ് ഇടപെട്ട് സംഘര്‍ഷം ഒഴിവാക്കുകയായിരുന്നു. എന്നാൽ പാർട്ടി പ്രവർത്തകരല്ല മുദ്രാവാക്യം വിളിച്ചതെന്നാണ് ബി.ജെ.പിയുടെ വാദം. പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബി.ജെ.പി ഉപാധ്യക്ഷന്‍ സുഭാഷ് സര്‍ക്കാര്‍ ആരോപിച്ചു.
ബി.ജെ.പി ബംഗാളില്‍ സംഘര്‍ഷമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് സി.പി.എം നേതാവ് മുഹമ്മദ് സലിം വിമര്‍ശിച്ചു. മമത ബാനര്‍ജിയും അവരുടെ പൊലീസും കാഴ്ചക്കാരായി നോക്കിനില്‍ക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കൊലവിളി മുദ്രാവാക്യത്തെ കോണ്‍ഗ്രസും അപലപിച്ചു. മമത ബി.ജെ.പിയെ പിന്തുണയ്ക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ആധിർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തി. പൊലീസിന്‍റെ നിഷ്‌ക്രിയത്വം അവരെ സഹായിക്കുകയാണെന്നും ചൌധരി ആരോപിച്ചു. അതേസമയം ഗോലി മാരോ പാര്‍ലമെന്‍രില്‍ ഉന്നയിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.