കാസര്‍കോട്: (www.mediavisionnews.in) സംസ്ഥാനത്ത് അഞ്ചുപേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് ജില്ലയിലാണ് പുതിയ കേസുകള്‍ . കോവിഡ് സ്ഥിരീകരിച്ച 9 ജില്ലകളില്‍ നിയന്ത്രണം പൂര്‍ണമാക്കും. കാസര്‍കോട് ജില്ല പൂര്‍ണമായി അടച്ചു. ജില്ലയില്‍ പൊതുഗതാഗതം പൂര്‍ണമായി നിര്‍ത്തി. കാസര്‍കോട് സമ്പൂര്‍ണനിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ കലക്ടര്‍ക്ക് അധികാരം നല്‍കി
സംസ്ഥാനത്തു ജനതാകര്‍ഫ്യൂ നീട്ടി. രാത്രി 9 മണിക്കുശേഷവും ആളുകള്‍ പുറത്തിറങ്ങരുത്. കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നൽകി. ആളുകള്‍ വീട്ടിലിരിക്കണം. അത്യാവശ്യകാര്യങ്ങള്‍ക്കുമാത്രം പുറത്തിറങ്ങാം. ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരുസമയം 5–7 പേരില്‍ക്കൂടുതല്‍ അനുവദിക്കില്ല. കോവിഡ് സ്ഥിരീകരിച്ച ജില്ലകള്‍ അടച്ചിടുന്ന കാര്യത്തില്‍ തീരുമാനം ഉടനുണ്ടാകും. റസ്റ്ററന്റുകളില്‍ സംഘമായി ആളുകളെ അനുവദിക്കില്ല. തൊട്ടടുത്ത ജില്ലകളിലേക്ക് യാത്ര ചെയ്യാം. ദൂരയാത്ര ഒഴിവാക്കണം. സ്വകാര്യവാഹനങ്ങളിലും സംസ്ഥാനാന്തരയാത്ര പാടില്ലെന്നും ചീഫ് സെക്രട്ടറി മാധ്യമങ്ങളോടു പറഞ്ഞു.
കെഎസ്ആർടിസി ദീര്‍ഘദൂര, സംസ്ഥാനാന്തര സര്‍വീസുകള്‍ നടത്തില്ലെന്നു ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ഒന്നിലധികം ജില്ലകളിലൂടെയുള്ള സ്വകാര്യബസ് സര്‍വീസും നടത്താനാവില്ല. ജില്ലകളിലെ ഹൃസ്വദൂരസര്‍വീസുകളുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് ബാധിത ജില്ലകളില്‍ അവശ്യവസ്തുക്കള്‍ എല്ലാം ഉറപ്പാക്കുമെന്നു റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ മനോരമന്യൂസിനോട് പറഞ്ഞു. ഓണ്‍ലൈനായി ഭക്ഷ്യവസ്തുക്കളടക്കം എത്തിക്കുന്നതിന് നടപടിയെടുക്കും. ഒന്നിനും ക്ഷാമമുണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.